കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ കടുത്ത സാമ്പത്തിക തകർച്ചയിലാണെന്ന് ഗവർണർ സിവി ആനന്ദ ബോസ്. രാജ്യത്തിന്റെ ഭരണഘടനക്കനുസരിച്ചാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്നതിൽ എനിക്ക് വളരെയധികം വിഷമമുണ്ട്. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി നിരവധി വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ അത് വകമാറ്റി ചെലവഴിക്കുകയാണ്. സാമ്പത്തിക തകർച്ച കണ്ടെത്തിയതിനാൽ സംസ്ഥാന സർക്കാരിനോട് ധവളപത്രം ആവശ്യപ്പെട്ടിട്ടുണ്ട്”.
ഭരണഘടനക്കുള്ളിലുള്ള ഏത് വിഷയത്തെ കുറിച്ചും മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കുക എന്നത് ഗവർണറുടെ ഉത്തരവാദിത്വമാണ്. 2024-25-ലെ കേന്ദ്ര ബജറ്റ് ജനങ്ങൾക്ക് അനുകൂലമാണ്. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ വകമാറ്റാതെ ഫലപ്രദമായി വിനിയോഗിക്കാനുള്ള അവസരമാണ് കേന്ദ്രം നൽകുന്നത്. ബംഗാളിനെ സംബന്ധിച്ചിടത്തോളം ഇത് യുവജന സൗഹൃദ ബജറ്റാണ്. ഈ ബജറ്റ് ബംഗാളിന് ഒരു അനുഗ്രഹമാണെന്നും സിവി ആനന്ദ ബോസ് പറഞ്ഞു.















