കാസർകോട്: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് ഡിവൈഎഫ്‌ഐ. കാഞ്ഞങ്ങാടാണ് ഡിവൈഎഫ്‌ഐയുടെ ചായക്കട. ഭക്ഷണം കഴിക്കാനെത്തുവർക്ക് പെട്ടിയിൽ ഇഷ്ടമുള്ള തുകയിടാം. 11-ാം തീയതി വരെയുള്ള താത്കാലിക ചായക്കടയാണിത്.
ഡിവൈഎഫ്‌ഐയുടെ റീബിൽഡ് വയനാട് എന്ന ക്യാമ്പയിൻ ഏറ്റെടുത്ത് കൊണ്ടാണ് ഇത്തരത്തിലൊരു ധനസമാഹരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പറഞ്ഞു. നേരിട്ട് പണം പിരിക്കാതെ വിവിധ രീതിയിൽ പണം കണ്ടെത്തുകയാണ്. മുമ്പ് റീസൈക്കിൾ കേരളയിലൂടെ 11 കോടി സമാഹരിച്ചതാണ് ഡിവൈഎഫ്‌ഐ. ഇത്തവണ ആക്രി ശേഖരിച്ചും വിവിധ ചലഞ്ചുകൾ നടത്തിയുമാണ് വയനാടിനെ റീബിൽഡ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നു. മനുഷ്യാധ്വാനം, വിവിധ ചലഞ്ചുകൾ, ജേഴ്സി ലേലം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ആഭരണങ്ങൾ സംഭാവന, വിവിധ ചടങ്ങുകളിൽ നിന്ന് വിഹിതം സമാഹരിക്കൽ, പുസ്തക വിൽപ്പന, വഴിയോരക്കച്ചവടം, പലഹാര നിർമാണം, വിൽപ്പന എന്നിവ വഴിയും പണം കണ്ടെത്തും.