വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ രേഖകൾക്കായി ആരും ഓഫീസുകൾ കയറിയിറങ്ങണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. റവന്യൂ, സർവ്വകലാശാല രേഖകൾ ഉൾപ്പെടെ നഷ്ടപ്പെട്ട രേഖകൾ ഒരിടത്ത് തന്നെ ലഭിക്കുമെന്നും മൊബൈൽ നഷ്ടമായ എല്ലാവർക്കും സ്വന്തം നമ്പറിൽ തന്നെ കണക്ഷനെടുക്കാമെന്നും മന്ത്രി പറഞ്ഞു.
ദുരിതബാധിതർക്ക് സർക്കാരിന്റെ പല ഓഫീസുകളിൽ രേഖകൾ അന്വേഷിച്ച് പോകേണ്ടി വരില്ല. അവർക്ക് ആവശ്യമായ എല്ലാ രേഖകളും നൽകാൻ, ആവശ്യമെങ്കിൽ ഒരു അദാലത്ത് ഉൾപ്പെടെ നൽകാനുള്ള സംവിധാനംകളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം ഒരുക്കും. എല്ലാ വകുപ്പുകളും അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ മാത്രമല്ല, മറ്റ് എല്ലാ വകുപ്പുകളിലെയും നഷ്ടപ്പെട്ട രേഖകൾ ഒരിടത്ത് തന്നെ ലഭിക്കുന്ന സംവിധാനം ഒരുക്കും.
നഷ്ടപ്പെട്ട മൊബൈലിൽ ഉപയോഗിച്ച നമ്പറുകൾ വീണ്ടെടുത്ത് നൽകാനുള്ള സൗകര്യം തയ്യാറാക്കും. മൊബൈൽ ഫോൺ കൊടുക്കുക മാത്രമല്ല, നഷ്ടപ്പെട്ട നമ്പർ വീണ്ടെടുക്കുന്നതിനായി എല്ലാ ക്യാമ്പുകളിലും പുതിയ സംവിധാനത്തെ അണിനിരത്തിക്കൊണ്ട് മൊബൈൽ നമ്പർ പുനഃസ്ഥാപിക്കാനുള്ള എല്ലാ നടപടിയും ഉടൻ തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.