എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉപയോഗിച്ച ഇളയരാജയുടെ കൺമണി അൻപോട് കാതൽ എന്ന ഗാനവുമായി ബന്ധപ്പെട്ട തർക്കത്തിന് രമ്യമായ പരിഹാരം. മഞ്ഞുമ്മൽ നിർമാതാക്കൾ ഇളയരാജയ്‌ക്ക് നഷ്ടപരിഹാരം നൽകിയതായാണ് വിവരം. രണ്ട് കോടി രൂപ ചോദിച്ച സംഗീത സംവിധായകന് 60 ലക്ഷം രൂപയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയത്.
ചിത്രം വലിയ വിജയം നേടിയതിനെ തുടർന്നാണ് ഇളയരാജ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിലാണ് 60 ലക്ഷം രൂപ എന്ന ഒത്തുതീർപ്പ് തീരുമാനത്തിലേക്ക് ഇരുകൂട്ടരും എത്തിയത്.
അനുമതിയില്ലാതെയാണ് സിനിമയിൽ തന്റെ ഗാനം ഉപയോഗിച്ചെന്ന് ഇളയരാജ ആരോപിച്ചിരുന്നു. തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് കൈവശമുള്ളവരിൽ നിന്ന് അവകാശം കരസ്ഥമാക്കി എന്നാണ് മഞ്ഞുമ്മൽ ബോയ്സ് ടീം വ്യക്തമാക്കിയത്.
കമൽ ഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിൽ ഇളയരാജ ഈണം നൽകിയ കൺമണി അൻപോട് കാതൽ എന്ന് തുടങ്ങുന്ന ഗാനമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ക്ലൈമാക്സ് രംഗത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് വലിയ ജനപ്രീതി സൃഷ്ടിക്കുകയും ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.















