ബെംഗളൂരു: കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട സുപ്രധാനപദ്ധതിയായ ‘കൊല്ലൂർ മൂകാംബിക ഇടനാഴി’യുടെ നിർമ്മാണത്തിനുള്ള നിർദ്ദേശത്തിൽ ഉറപ്പ് നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ഡൽഹിയിലെത്തി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷം ഷിമോഗ എംപി ബി വൈ രാഘവേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്ര ദർശനത്തിനായെത്തുന്നത്.
ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ടതാണ് സൗപർണിക നദിയുടെ ശുചീകരണം, ശങ്കരാചാര്യ തീം പാർക്ക് വികസനം, ക്ഷേത്രത്തിന്റെ ഇടനാഴി നിർമാണം, വ്യോമ, റെയിൽ, ബസ്, തുറമുഖ കണക്റ്റിവിറ്റി മെച്ചപ്പെടുത്തൽ എന്നിവ.
ക്ഷേത്രത്തിന് സമീപത്തുള്ള ജലാശയങ്ങളുടെ വികസനവും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. തീർത്ഥാടകരെ ആകർഷിക്കുക മാത്രമല്ല, വിനോദസഞ്ചാര മേഖലയ്‌ക്കും സാമ്പത്തിക വളർച്ചയ്‌ക്കും ഇത് സഹായകമാകുന്നു.
ഇടനാഴിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉടൻ നടപടി സ്വീകരിക്കുമെന്ന് നിർമലാ സീതാരാമൻ ഉറപ്പ് നൽകിയതായി പ്രതിനിധി സംഘം അറിയിച്ചു. ക്ഷേത്രത്തിൽ ദിനംപ്രതി എത്തുന്ന ഭക്തർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.















