ന്യൂഡൽഹി: ഡൽഹിയിൽ ഐഎഎസ് കോച്ചിംഗ് സെന്ററിൽ വെളളം കയറി വിദ്യാർഥികൾ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനം ഉയർത്തി സുപ്രീം കോടതി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, കോച്ചിംഗ് സെൻ്ററുകൾ മരണമുറികളായി മാറിയെന്നും വിമർശിച്ചു. കോച്ചിംഗ് സെൻ്ററുകളിൽ എന്ത് തരത്തിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് നൽകുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ ജീവിതം വെച്ചാണ് കോച്ചിംഗ് സെൻ്ററുകൾ കളിക്കുന്നതെന്ന് സുപ്രീം കോടതി വിമർശിച്ചു.
കോച്ചിംഗ് സെൻ്ററുകൾ മരണമുറികളായി മാറിയെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും , ഈ സംഭവം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കോച്ചിംഗ് സെൻ്ററുകൾക്ക് കഴിയുന്നില്ലെങ്കിൽ, ഓൺലൈൻ ക്ലാസുകൾ വഴി പ്രവർത്തിക്കുന്നത് പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജൂലൈ 27 നാണ് ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിലുള്ള റാവൂസ് ഐഎഎസ് സ്റ്റഡി സെന്ററിൽ വെള്ളം കയറി മലയാളി ഉൾപ്പടെ മൂന്ന് വിദ്യാർഥികൾ മരിച്ചത്. ഡൽഹി ആംആദ്മി സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് വിദ്യാർത്ഥികളുടെ മരണത്തിന് കാരണമെന്ന് ഡൽഹി എംപി ബൻസുരി സ്വരാജ് ലോക്സഭയിൽ വിമർശിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു.















