ഹൈദരാബാദ്: കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം മുളകുപൊടി വിളമ്പി തെലങ്കാനയിലെ സർക്കാർ സ്കൂൾ. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിൽ മുളകുപൊടി ചേർത്ത ചോറ് വിളമ്പിയത്. സംഭവം വിവാദമായതോടെ ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകുന്ന സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടിയായ ബിആർഎസിന്റെ നേതാക്കൾ രംഗത്തെത്തി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും സ്ഥിതിഗതികൾ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. കുട്ടികൾക്ക് സ്കൂൾ അധികൃതർ നൽകിയ ഉച്ചഭക്ഷണത്തിൽ എണ്ണയും മുളകുപൊടിയും ചേർത്ത ചോറ് വിളമ്പുകയായിരുന്നു. മുളകുപൊടി ചേർത്ത ഉച്ചഭക്ഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സംഭവത്തിൽ അന്വേഷണം നടത്തി. പല മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടതായി പരാതിപ്പെട്ടു. കുട്ടികൾ ഭക്ഷണം കഴിക്കാതെ കളഞ്ഞതിനാലാണ് അവർക്ക് ചോറിനൊപ്പം മുളകുപൊടി നല്കിയതെന്നായിരുന്നു അദ്ധ്യാപകരുടെ വാദം. ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഭക്ഷണം പാകം ചെയ്യുന്നവർക്ക് കർശന താക്കീത് നൽകുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് നിർദേശിക്കുകയും ചെയ്തു.
മുളകുപൊടി ചേർത്ത ചോറു കഴിക്കാൻ കുട്ടികൾ നിർബന്ധിതരായത് എന്തുകൊണ്ടാണെന്ന് തെലങ്കാന മുൻ മന്ത്രി കെടി രാമറാവു ചോദിച്ചു. മുൻ കെസിആർ സർക്കാർ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി കോൺഗ്രസ്സ് സർക്കാർ ഒരു കാരണവുമില്ലാതെ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. മുൻ ആരോഗ്യമന്ത്രി ഹരീഷ് റാവുവും കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് രംഗത്തുവന്നു. സംഭവം രേവന്ത് റെഡ്ഡി സർക്കാരിന്റെ കുട്ടികളോടുള്ള അവഗണനയാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.