കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയടക്കം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങാവുകയാണ് ജനം ടി വി യും, ജനം സൗഹൃദ വേദിയും. വസ്ത്രങ്ങളും, ഭക്ഷണ സാധനങ്ങളും,മരുന്നും, കുടിവെള്ളവുമടക്കം എല്ലാ വസ്തുക്കളും ശേഖരിച്ച് കൈമാറി. എറണാകുളം രാമവർമ ക്ലബ് സെൻ്റിനറി ഹാളിൽ ആരംഭിച്ച കളക്ഷൻ സെന്റർ റിട്ടയേർഡ് ജസ്റ്റിസ് ആർ ഭാസ്കരൻ ഉദ്‌ഘാടനം ചെയ്തു.
സംഭരിച്ച അവശ്യ വസ്തുക്കൾ കൊച്ചി കോർപറേഷൻ കൗൺസിലർ പത്മജ എസ് മേനോനിൽ നിന്നും ആർ ഭാസ്കരൻ ഏറ്റുവാങ്ങി. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസമാകും ഇത്തരം പ്രവർത്തനങ്ങളെന്ന് റിട്ടയേർഡ് ജസ്റ്റിസ് ആർ ഭാസ്കരൻ പറഞ്ഞു. ജനം ടിവിയുടെ സംരംഭത്തിന് അദ്ദേഹം ആശംസകൾ അറിയിച്ചു.
സ്പോട്ട് ഫിറ്റ് യൂണിഫോംസ് എം ഡി വിനോദ് ജോർജ്ജ് കളക്ഷൻ സെൻ്ററിലേക്ക് വസ്ത്രങ്ങൾ കൈമാറി. എല്ലാ മേഖലയിൽനിന്നും ജനം ടി വിയും, ജനം സൗഹൃദ വേദിയുടെയും ഉദ്യമത്തിൽ പങ്കാളികളായി മുന്നോട്ടുവന്നിരുന്നു. ജനം സൗഹൃദ വേദി ജില്ലാ കോർഡിനേറ്റർ പി വി അതികായൻ, സജീവ് നായർ, ശശി മേനോൻ,ലക്ഷ്മി നാരായണൻ, ഗിരിജ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ ഭാഗങ്ങളിൽ നിന്ന് ജനം ഓഫീസുകളിലേക്ക് സഹായങ്ങളുടെ പ്രവാഹമാണ്. ബുധനാഴ്ച വരെ കളക്ഷൻ സെൻ്റർ രാമവർമ്മ ക്ലബ് ഹാളിൽ പ്രവർത്തിക്കും.രാവിലെ 9 മുതൽ വൈകീട്ട് ആറ് വരെ വയനാട്ടിലെ ദുരിതബാധിതർക്കുള്ള അവശ്യസാധനങ്ങളും വസ്തുക്കും കളക്ഷൻ സെൻ്ററിലെത്തിക്കാം. ജനം ടി വി ഓഫീസുകളിലും സഹായങ്ങൾ കൈമാറാം.















