മുംബൈ: നഗരത്തിൽ 14 ലക്ഷം സ്വകാര്യ കാറുകളും 29 ലക്ഷം ഇരുചക്രവാഹനങ്ങളും ഉൾപ്പടെ വാഹനങ്ങളുടെ എണ്ണം 48 ലക്ഷം കവിഞ്ഞതായി റിപ്പോർട്ട്. 2023-24ൽ മുംബൈയിലെ നാല് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒ) പ്രതിദിനം ശരാശരി 721 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരക്ക് ലഘൂകരിക്കുന്നതിനും മലിനീകരണം കുറയ്‌ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രാ കാലതാമസം കുറയ്‌ക്കുന്നതിനും വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദഗ്ധർ ഊന്നിപ്പറയുന്നു.
വാഹനങ്ങളുടെ എണ്ണം മുംബൈ നഗരത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ മൂന്നിരട്ടിയാണെന്ന് ഗതാഗത വിദഗ്ധൻ വിവേക് പൈ പറഞ്ഞു. മുംബൈയിലെ വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അമിതഭാരമുള്ള സബർബൻ റെയിൽ ശൃംഖല ഏതാണ്ട് പരമാവധി വർദ്ധിച്ചു. മറ്റ് പൊതുഗതാഗത ശൃംഖലകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും പബ്ലിക് പോളിസി (ഗതാഗത) അനലിസ്റ്റ് പരേഷ് റാവൽ ചൂണ്ടിക്കാട്ടി.
ലോക്കൽ ട്രെയിനുകളുടെയും മെട്രോകളുടെയും കാര്യക്ഷമത വർദ്ധിപ്പിച്ചാൽ വാഹനങ്ങൾ ഉപേക്ഷിച്ചു പലരും ഇത്തരം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഓരോ മെട്രോ ലൈനും റോഡ് ട്രാഫിക്ക് 15 ശതമാനം കുറയ്‌ക്കാൻ സാധിക്കും.















