മുംബൈ: യാത്രക്കാർക്ക് അവശ്യഘട്ടങ്ങളിൽ അടിയന്തര വൈദ്യ സഹായം ഉറപ്പാക്കി സെൻട്രൽ റെയിൽവേയുടെ ഡോക്ടർ-ഓൺ-കോൾ സേവനം. ഇതിലൂടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ 2,019 യാത്രക്കാർക്ക് വൈദ്യ സഹായം ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രെയിൻ യാത്രകളിൽ അടിയന്തര വൈദ്യസഹായം വാഗ്ദാനം ചെയ്യുന്ന ഈ സേവനം 24/7 മണിക്കൂറും പ്രവർത്തിക്കുന്നു.
കഴിഞ്ഞ രണ്ടു മാസത്തിൽ നാഗ്പൂർ ഡിവിഷനിൽ 815 ഉം, ഭുസാവലിൽ 587 ഉം , പൂനെയിൽ 297 ഉം, സോലാപൂരിൽ 236 ഉം, മുംബൈയിൽ 84 ഉം പേർക്ക് സേവനം ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി യാത്രക്കാരെ അടിയന്തരഘട്ടങ്ങളിൽ സഹായിക്കാൻ കഴിഞ്ഞുവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് ‘റയിൽ മദദ്’ വഴി അടിയന്തര വൈദ്യ സഹായം ലഭ്യമാക്കി. റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടും മെഡിക്കൽ സംഘവും ചേർന്ന് യാത്രക്കാരനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും അവിടെ കൃത്യസമയത്ത് പരിചരണം ലഭിക്കുകയും ചെയ്തു.
“സെൻട്രൽ റെയിൽവേ അതിന്റെ ഡോക്ടർ-ഓൺ-കോൾ ടീമുകളെയും ജീവനക്കാരെയും അവരുടെ അർപ്പണബോധത്തിനും വേഗത്തിലുള്ള പ്രവർത്തനത്തിനും അഭിനന്ദിക്കുന്നു, ഇത് നെറ്റ്‌വർക്കിലുടനീളം അടിയന്തിര വൈദ്യസഹായം നൽകുന്നതിനും ജീവൻ രക്ഷിക്കുന്നതിനും പ്രധാനമാണ്,” ഉദ്യോഗസ്ഥർ പറഞ്ഞു.















