ഒളിമ്പിക്‌സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിന് യോഗ്യത നേടി അവിനാഷ് സാബ്ലേ. 8:15.43 മിനിറ്റിൽ അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ ഇനത്തിൽ ഒളിമ്പിക്‌സ് ഫൈനലിൽ കടക്കുന്നത്.
രണ്ടു ലാപ്പുകൾ ബാക്കിയുള്ളപ്പോൾ രണ്ടാമതുണ്ടായിരുന്ന താരം പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് പോകുകയായിരുന്നു. ആദ്യ അഞ്ച് താരങ്ങളാണ് ഫൈനലിന് യോഗ്യത നേടിയത്. മുഹമ്മദ് ടിൻഡോഫ്(മൊറോക്കൊ), സാമുവൽ ഫിർവു(എതോപ്യ), അബ്രഹാം കിബിവോട്ട്(കെനിയ), റിയുജി മിയുര(ജപ്പാൻ) എന്നിവരാണ് ഫൈനലിന് യോഗ്യത നേടിയത്. ഓഗസ്റ്റ് എട്ടിനാണ് ഫൈനൽ.
ടേബിൾ ടെന്നിസ് വനിതാ ടീം ഇനത്തിലും ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. റുമാനിയയെ 3-2നാണ് ഇന്ത്യ തോൽപിച്ചത്. അതേസമയം ബാഡ്മിന്റൺ പുരുഷ സിംഗിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ ലക്ഷ്യ സെന്നും പരാജയപ്പെട്ടു. സ്‌കീറ്റ് ഷൂട്ടിംഗ് വിഭാഗത്തിൽ മഹേശ്വരി ചൗഹൻ- അനന്ത്ജീത സഖ്യത്തിന് നേരിയ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.
ഗുസ്തിയിൽ ഫ്രീസ്‌റ്റൈൽ 68 കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം നിഷ ദഹിയ ക്വാർട്ടർ ഫൈനലിൽ തോറ്റു. ഉത്തരകൊറിയൻ താരത്തോടാണ് പരാജയപ്പെട്ടത്. മത്സരത്തിൽ 8-2ന് മുന്നിൽ നിൽക്കെ ഇന്ത്യൻ താരത്തിന് പരിക്കേൽക്കുകയായിരുന്നു.