ഷില്ലോംഗ്: ബംഗ്ലാദേശിലെ സംഭവ വികാസങ്ങൾക്ക് പിന്നാലെ മേഘാലയയിൽ കടുത്ത ജാഗ്രതാ നിർദേശം. മേഘാലയ – ബംഗ്ലാദേശ് അതിർത്തിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതായി മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോംഗ് അറിയിച്ചു. അതിർത്തി സുരക്ഷാ സേനയും പൊലീസും നടത്തിയ അടിയന്തര യോഗത്തിലാണ് തീരുമാനം.
അതിർത്തിയിൽ നിന്ന് 444 കിലോമീറ്ററിലധികം വരുന്ന പ്രദേശങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. വൈകുന്നേരം ആറ് മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കർഫ്യൂ തുടരുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി. അതിർത്തി സുരക്ഷാസേന ജാഗ്രത പാലിക്കണമെന്നും കനത്ത സുരക്ഷ ഒരുക്കണമെന്നും നിർദേശമുണ്ട്.
രാജ്യത്ത് നടക്കുന്ന കലാപത്തിനിടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷെയ്ഖ് ഹസീന നേരെ ഇന്ത്യയിലേക്കാണ് എത്തിയത്. ലണ്ടനിൽ രാഷ്‌ട്രീയ അഭയം നേടാനുള്ള ശ്രമത്തിലാണ് അവർ. ഇക്കാര്യത്തിൽ ബ്രിട്ടീഷ് സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ലണ്ടനിലേക്ക് മാറുന്നത് വരെ ഹസീന ഇന്ത്യയിൽ തന്നെ തുടർന്നേക്കും.
ഷെയ്ഖ് ഹസീനയുടെ രാജിയ്‌ക്ക് പിന്നാലെ ഭരണം പിടിച്ചെടുത്ത സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായിരുന്നു യോഗം.