ഇടുക്കി: പെട്ടിമുടി ദുരന്തത്തിന്റെ നടുക്കുന്ന കണ്ണീരോർമ്മകൾക്ക് ഇന്ന് നാലാണ്ട്. കുത്തിയൊലിച്ചെത്തിയ മലവെള്ളം ഒരു പ്രദേശത്തെ മുഴുവൻ ഒന്നാകെ തുടച്ചുനീക്കിയപ്പോൾ പൊലിഞ്ഞ് പോയത് 70 ജീവനുകളാണ്. മൃതദേഹം പോലും ഒരു നോക്ക് കാണാൻ കിട്ടാതെ പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ അനാഥരായവർ ഒട്ടേറെ പേർ. ആ ദുരിതത്തിന്റെ ബാക്കിശേഷിപ്പുകൾ ഇന്നും ഇവിടെ കാണാം…ജീവന് വേണ്ടി നിലവിളിച്ച് കരഞ്ഞവരുടെ ശബ്ദമാണ് കുരിശുമലയിൽ നിന്ന് ഒഴുകിയെത്തുന്ന മലവെള്ളത്തിന്.
4 വർഷങ്ങൾക്ക് മുമ്പ് കുറെ പേർ ജീവിച്ചിരുന്ന ഇടമാണ് ഇതെന്ന് ആരും പറയില്ല. കല്ലും മണ്ണും നിറഞ്ഞ് കാടുമൂടി. ചികഞ്ഞുപോയാൽ പെട്ടിമുടിക്കാർ ബാക്കിവച്ച സ്വപ്നങ്ങൾ നമുക്ക് കാണാം. കൂറ്റൻ പാറക്കൂട്ടങ്ങൾ ലയങ്ങളുടെമേൽ പതിച്ചു. ജോലിയെല്ലാം കഴിഞ്ഞ് ഉറക്കമായിരുന്ന പാവങ്ങൾ ഉറക്കെ കരയാൻ പോലും ആകാതെയാണ് മരണത്തിന് കീഴടങ്ങിയത്. മൺകൂമ്പാരങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പ് തേടി 19 ദിവസം നീണ്ടുനിന്ന തിരച്ചിൽ. അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചുറങ്ങുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ മനസ് മരവിക്കുന്ന കാഴ്ചകളായിരുന്നു. 14 കിലോമീറ്റർ അകലെനിന്ന് വരെ മൃതദേഹങ്ങൾ കിട്ടി. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാലുപേർ ഇപ്പോഴും മണ്ണിനടിയിൽ. അവരെയും മരിച്ചതാക്കി കണക്കാക്കി സർക്കാർ ഉത്തരവിട്ടു.
കണ്ണൻ ദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ദുരന്തം പുറം ലോകം അറിഞ്ഞത് പിറ്റേന്ന് നേരം പുലർന്നതിന് ശേഷം. താത്കാലിക സംവിധാനം ഒരുക്കി ദുരന്തഭൂമിയിലേക്ക് എത്താൻ താമസം നേരിട്ടു. ചുമന്നാണ് രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ പോലും എത്തിച്ചത്. പെട്ടിമുടിയുടെ കണ്ണീരോർമ്മകൾക്ക് നാലാണ്ട് തികയുമ്പോൾ ഉറച്ചുപെയ്യുന്ന ഒരു മഴപോലും ഇവർക്ക് പേടിയാണ്.