മലപ്പുറം ; എടിഎം എന്നുകരുതി പാസ്ബുക്ക് പ്രിന്റർ പൊളിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്.ഇന്നലെ പുലർച്ചെയാണ് ഇയാൾ തിരൂർ താഴേപ്പാലത്തുള്ള എസ്ബിഐ ബാങ്കിനോടു ചേർന്നുള്ള എടിഎം കൗണ്ടറിൽ കയറിയത്.
എടിഎം ആണെന്നു കരുതി, കയ്യിലുണ്ടായിരുന്ന ഇരുമ്പുപാര ഉപയോഗിച്ചു പാസ്ബുക്ക് പ്രിന്റർ മെഷീൻ പൊളിച്ചു. അതിൽ പണം കാണാതെ വന്നതോടെ അടുത്തുണ്ടായിരുന്ന കാഷ് ഡിപ്പോസിറ്റ് മെഷീനും പൊളിച്ചു. എന്നാൽ, ഇതു പൂർണമായി പൊളിക്കാൻ സാധിക്കാതെ വന്നതോടെ പ്രതി കടന്നുകളഞ്ഞു. സിസിടിവിയിൽ നിന്നു മോഷണശ്രമം മനസ്സിലാക്കിയ ബാങ്ക് അധികൃതർ വിവരം ഉടൻ പൊലീസിനെ അറിയിച്ചു.
സിസിടിവിയിൽ നിന്ന് ആളെ മനസ്സിലായ പൊലീസ് താഴേപ്പാലത്തു കറങ്ങി നടക്കുകയായിരുന്ന പ്രതിയെ പിടികൂടി. മെഷീനുകൾ പൊളിച്ചതോടെ ബാങ്കിന് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. യുപി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് പുത്തനത്താണിയിലാണു താമസം. ദേശീയപാതയുടെ പണിക്കാരനായി ഒരു മാസം മുൻപാണ് ഇവിടെയെത്തിയത്.