ന്യൂഡൽഹി: ബംഗ്ലാദേശ് വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ. പാർലമെന്റിൽ ഇന്ന് രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഇതിന് ശേഷം വിഷയത്തിൽ കേന്ദ്രം പ്രസ്താവനയിറക്കുമെന്നാണ് വിവരം.
ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധികൾ സംബന്ധിച്ച് എസ് ജയശങ്കർ യോഗത്തിൽ സംസാരിക്കും. ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ശേഷം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. ബ്രിട്ടണിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നത് വരെ അവർ ഇന്ത്യയിൽ തുടരും. നിലവിൽ യുപിയിലെ ഗാസിയാബാദ് ഹിൻഡൻ വ്യോമതാവളത്തിലാണ് ഷെയ്ഖ് ഹസീന ഉള്ളത്. സഹോദരി ഷെയ്ഖ് രഹാനയും ഇവരോടൊപ്പമുണ്ട്.
അതേസമയം ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും ബംഗ്ലാദേശിൽ കലാപം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. മന്ത്രിമാരുടെയടക്കം വീടുകൾ പ്രക്ഷോഭകാരികൾ കൊള്ളയടിച്ചു. രാജ്യത്തെ പാർലമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ പ്രഖ്യാപിച്ചു. ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനും പ്രസിഡന്റ് അനുവാദം നൽകിയിട്ടുണ്ട്. സൈനിക പിന്തുണയോടെയാകും ഇടക്കാല സർക്കാർ രൂപീകരിക്കുന്നത്.