ന്യൂഡൽഹി : ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ‘വിശിഷ്‌ട അതിഥി’യായി സോഹ്ദിയിലെ കർഷകൻ രാകേഷ് കുമാറിന് ക്ഷണം . കർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ഈ ക്ഷണം . രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത കർഷകരെ ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. പിഎം കിസാൻ സമ്മാൻ യോജനയുടെ ഗുണഭോക്താക്കളായ കർഷകരെയാണ് വിശിഷ്‌ട അതിഥി’യായി ക്ഷണിച്ചിരിക്കുന്നത് .
കൃഷിയെ ഒരു കലയായി മാറ്റിയ കർഷകനാണ് രാകേഷ് കുമാർ. ഷേർ ബിഹാർ സോഹ്ദിഹ് ഫാർമേഴ്‌സ് ഗ്രൂപ്പിന്റെ പ്രസിഡൻ്റാണ് രാകേഷ് . കൃഷിയോടുള്ള അദ്ദേഹത്തിന്റെ ഉത്സാഹവും അർപ്പണബോധവും മൂലമാണ്, വർഷം മുഴുവനും കോളിഫ്‌ളവർ കൃഷി സൊഹ്ദിഹിൽ സാധ്യമായത്. ഇന്ന് ജില്ലയിലെ നിരവധി കർഷകർ അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു.
രാകേഷ് കുമാറിന്റെ ഭാര്യ സുഷമ കുമാരിയും അദ്ദേഹത്തോടൊപ്പം ഈ നിമിഷത്തിന് സാക്ഷിയാകും. സർക്കാരിന്റെ നടപടി കർഷകർക്ക് ലഭിച്ച അംഗീകാരമാണെന്നും ,ഇത് തന്റെ സ്വപ്നമാണെന്നും രാകേഷ് പറയുന്നു. അതിഥികളായെത്തുന്ന കർഷകരുടെ യാത്രയുടെയും താമസത്തിന്റെയും മുഴുവൻ ചെലവും സർക്കാർ വഹിക്കും . 10 മിനിറ്റോളം പ്രധാനമന്ത്രി അവരുമായി സംസാരിക്കും.















