ധാക്ക: ബംഗ്ലാദേശിൽ മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ മഷ്റഫെ ബിൻ മൊർത്താസയുടെ വീടിന് തീയിട്ട് അക്രമികൾ. പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും വസതികൾ ഉൾപ്പെടെ തകർത്തു കൊണ്ടാണ് പ്രക്ഷോഭകാരികൾ ആക്രമണം തുടരുന്നത്. ഷെയ്ഖ് ഹസീനയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പാർലമെന്റ് അംഗം കൂടിയായ മഷ്‌റഫെ. ഈ വർഷം ആദ്യം ബംഗ്ലാദേശിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് ഖുൽനയിലെ നരെയ്ൻ 2 നിയോജകമണ്ഡലത്തിൽ നിന്നും ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്.
മഷ്‌റഫെയുടെ വീട് ആക്രമിച്ച ശേഷം തീയിട്ട് നശിപ്പിക്കുകയായിരുന്നു. ക്രിക്കറ്റ് കരിയറിൽ 117 മത്സരങ്ങളിൽ ബംഗ്ലാദേശിനെ നയിച്ച താരമാണ് മഷ്‌റഫെ. ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും ബംഗ്ലാദേശിൽ അക്രമസംഭവങ്ങൾ കുറയുന്നില്ലെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 36 ടെസ്റ്റുകളിലും 220 ഏകദിനങ്ങളിലും 54 ടി20 മത്സരങ്ങളിലുമായി 390 അന്താരാഷ്‌ട്ര വിക്കറ്റുകളും 2955 റൺസും മഷ്‌റഫെ നേടിയിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം 2018ലാണ് ഇദ്ദേഹം ഷെയ്ഖ് ഹസീനയുടെ പാർട്ടിയിൽ ചേരുന്നത്.
അവാമി ലീഗ് പാർട്ടി പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ വസതി ആക്രമിച്ച ശേഷം വീടിനുള്ളിൽ ഉണ്ടായിരുന്ന സാധനസാമഗ്രികൾ കൊള്ളയടിച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഷെയ്ഖ് ഹസീന രാജ്യംവിട്ടെങ്കിലും ബംഗ്ലാദേശിൽ അക്രമം ഒഴിയാത്ത സാഹചര്യമാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 150ലധികം ആളുകളാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. അതേസമയം രാജ്യത്ത് ഇന്ന് ഇടക്കാല സർക്കാർ രൂപീകരിച്ചേക്കുമെന്നും സൂചനയുണ്ട്.