ന്യൂഡൽഹി : പാർലമെന്റിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ബംഗ്ലാദേശിലെ പ്രശ്‌നം രൂക്ഷമായതിനെ കുറിച്ചും, നിലവിലെ സാഹചര്യങ്ങളെ കുറിച്ചുമാണ് അദ്ദേഹം യോഗത്തിൽ പങ്കെടുത്ത നേതാക്കളോട് വിശദീകരിച്ചത്. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എങ്ങനെയാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും, അവർ ഇന്ത്യയിൽ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെ കുറിച്ചും യോഗത്തിൽ സംസാരിച്ചതായാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
” ഷെയ്ഖ് ഹസീനയുടെ ഭാവി പരിപാടികൾ എന്തൊക്കെയാണെന്ന് തീരുമാനിച്ച് കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിനായി സമയം നൽകും. ബംഗ്ലാദേശ് സൈന്യവുമായി കേന്ദ്രസർക്കാർ ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങൾ ഇതാണെന്നും, ഉചിതമായ സമയത്ത് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കും. ഇന്ത്യൻ പൗരന്മാരായ 20,000ത്തോളം പേർ ബംഗ്ലാദേശിലുണ്ട്. ഇതിൽ 8000ത്തോളം ആളുകൾ തിരികെ എത്തിയിട്ടുണ്ട്. ഇവരുമായി കേന്ദ്രസർക്കാർ ബന്ധപ്പെടുന്നുണ്ട്. ബംഗ്ലാദേശിലെ ഹൈക്കമ്മീഷൻ പ്രവർത്തനം തുടരുന്നുണ്ടെന്നും” ജയശങ്കർ വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിലും, ബംഗ്ലാദേശിലെ നിലവിലെ സംഭവങ്ങളിൽ പാകിസ്താന് ഏതെങ്കിലും രീതിയിലുള്ള പങ്കാളിത്തം ഉണ്ടോ എന്ന ചോദ്യം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. കേന്ദ്രം ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും, സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും ജയശങ്കർ മറുപടി നൽകി.
ബംഗ്ലാദേശ് വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷം പിന്തുണ നൽകിയത് സംബന്ധിച്ച് ജയശങ്കറും സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഹസീന ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണെന്ന കാര്യവും യോഗത്തിൽ ജയശങ്കർ ആവർത്തിച്ചു. രാഷ്‌ട്രീയ അഭയം തേടി ഇവർ യുകെയിലേക്ക് പോകാനാണ് സാധ്യതയെന്ന വിവരവും അദ്ദേഹം പങ്കുവച്ചു