ജീവിതത്തിന്റെ ഭാഗമായ മേൽവിലാസം ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് തപാൽ ഓഫീസാണ്. മുണ്ടക്കൈയിലുമുണ്ടായിരുന്നു അത്തരത്തിലൊരു തപാൽ ഓഫീസ്. ഉരുൾപൊട്ടലിൽ ഈ ഗ്രാമം മാത്രമല്ല 673577 എന്ന നമ്പറുകൂടിയാണ് നാമാവശേഷമായത്. പലർക്കും പുതുജീവിതം സമ്മാനിച്ച ആ നമ്പറും അതിന്റെ ഓഫീസും ആ നാശത്തിനൊപ്പം മുങ്ങി പോയി.
673577 അതാണ് മുണ്ടക്കൈയുടെ പിൻകോഡ്. എത്രയോ കത്തുകൾ വന്നുംപോയിയുമിരുന്ന സ്ഥലമാണ്. ഒരു പക്ഷേ കത്തുകൾ എഴുതാനും വായിക്കാനും ഇന്ന് മുണ്ടക്കൈയിൽ അധികമാരുമില്ല. അതാകാം നാലുമുറി പീടികയുടെ ഭാഗമായിരുന്ന മുണ്ടക്കൈ പോസ്റ്റ് ഓഫീസിനെയും പൂർണമായും ഉരുളെടുത്തത്. 400-ലധികം പേരുടെ ജീവൻ കവർന്നെടുത്ത ഉരുൾപൊട്ടലിൽ മുണ്ടക്കൈയുടെ പോസ്റ്റ് ഓഫീസ് പുനർജനിക്കുമോയെന്ന് കണ്ടറിയണം.
സ്‌കൂൾ, പള്ളി, വീടുകൾ, ലയങ്ങൾ ഒന്നും ഇനി ഈ ഗ്രാമത്തിൽ അവശേഷിക്കുന്നില്ല. ജീവൻ ബാക്കിയായ ചിലർ മാത്രമാണ് മുണ്ടക്കൈയുടേതായി ബാക്കിയുള്ളത്. വാസയോഗ്യമായ വീടുകളുമില്ല. അതുകൊണ്ട് ഇനി അവിടേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമല്ല. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ആ മണ്ണിലേക്ക് തിരിച്ചുപോകാനും ആരും തയ്യാറാകില്ല.















