തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. സംസ്ഥാന സർക്കാർ നൽകിയ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയാണ് നീക്കം. നേമം റെയിൽവേ സ്റ്റേഷൻ ‘തിരുവനന്തപുരം സൗത്ത്’ എന്നും കൊച്ചുവേളി സ്റ്റേഷൻ ‘തിരുവനന്തപുരം നോർത്ത്’ എന്നും അറിയപ്പെടും.
2023-ലായിരുന്നു സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് നൽകിയിരുന്നത്. ജൂലൈ 26ന് സംസ്ഥാനത്തെ പൊതുമരാമത്ത്-ഗതാഗതം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സെക്രട്ടറിക്ക് കേന്ദ്രസർക്കാർ അയച്ച കത്തിൽ ശുപാർശ അംഗീകരിച്ചതായി അറിയിച്ചിട്ടുണ്ട്. പേരുമാറ്റുന്നതിൽ കേന്ദ്രത്തിന് തടസമില്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു. നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപടെർമിനലുകളായി മാറ്റുന്നതിന്റെ മുന്നോടിയായിട്ടാണ് പുനർനാമകരണം.
കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നഗരത്തിന് സമീപമാണെന്ന് പല യാത്രക്കാർക്കും അറിവുള്ള കാര്യമല്ല. പേരുമാറ്റുന്നത് വഴി കൊച്ചുവേളിയിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.