ലക്‌നൗ: ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്ക് പിന്തുണയറിയിച്ച് ബഹുജൻ സമാജ്‌പാർട്ടി. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ കക്ഷികളും സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്നതാണ് ഉചിതമെന്നും ബിഎസ്പി അദ്ധ്യക്ഷ മായാവതി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
“അയൽരാജ്യമായ ബംഗ്ലാദേശിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്ത്, ഇന്നത്തെ സർവകക്ഷിയോഗം വളരെ പ്രധാനമാണ്. സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കാനുള്ള എല്ലാ പാർട്ടികളുടെയും തീരുമാനം ഉചിതവും ആവശ്യവുമാണ്. ഇക്കാര്യത്തിൽ ബിഎസ്പിയും കേന്ദ്രത്തിന്റെ തീരുമാങ്ങൾക്കൊപ്പം നിൽക്കും,” മായാവതി പറഞ്ഞു.
അതേസമയം ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷവും ബംഗ്ലാദേശിലെ രാഷ്‌ട്രീയ സ്ഥിതിഗതികൾ അസ്ഥിരമായി തുടരുകയാണ്. കലാപം കൂടുതൽ അക്രമാസക്തമായി മാറിക്കഴിഞ്ഞു. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സർവകക്ഷിയോഗം ചേർന്നിരുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത്ഷാ, ജെപി നദ്ദ, കിരൺ റിജിജു, എച്ച്ഡി കുമാരസ്വാമി, രാജീവ് രഞ്ജൻ സിംഗ്, പ്രതിപക്ഷ എംപിമാരായ കെസി വേണുഗോപാൽ , സുപ്രിയ സുലെ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്രസർക്കാർ വിഷയത്തിൽ സ്വീകരിച്ച നടപടികൾക്ക് നേതാക്കളെല്ലാം പൂർണ പിന്തുണയറിയിച്ചു.