ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് നുണയുടെ രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ഭാഗങ്ങളായ ഭരണഘടനയുടെ ആമുഖം, മൗലിക കടമകൾ, മൗലികാവകാശങ്ങൾ, ദേശീയ ഗാനം തുടങ്ങിയവയ്‌ക്ക് എൻസിഇആർടി അർഹമായ പ്രാധാന്യവും ബഹുമാനവും നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കുട്ടികളിലെ സമഗ്ര വികസനമെന്ന ദർശനത്തെ പിന്തുണയ്‌ക്കും വിധത്തിലാണ് ഭരണഘടനയുടെ മൂല്യങ്ങൾ വിവിധ പ്രായത്തിലുള്ള കുട്ടികൾ പഠിക്കുന്ന പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം പോലൊരു വിഷയത്തെ നുണപ്രചരണത്തിനായി ഉപയോഗിക്കുകയും കുട്ടികളെ വച്ച് രാഷ്‌ട്രീയ ആയുധമായി പ്രയോഗിക്കുകയും ചെയ്യുന്നതിലൂടെ കോൺഗ്രസിന്റെ ദുഷിച്ച മനസും ചിന്താഗതിയുമാണ് മറനീക്കി പുറത്തുവരുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കുട്ടികളുടെ ഭാവി തുലാസിലാക്കിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ ചവറെന്ന് വിളിക്കന്നവർ നുണകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് സത്യമറിയാൻ ശ്രമിക്കണമെന്നും ധർമേന്ദ്ര പ്രധാൻ തുറന്നടിച്ചു.
ഇന്ത്യയുടെ വികസനത്തെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും കോൺഗ്രസ് എന്നും എതിർക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര
വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു. ഭരണഘടനയുടെ ആമുഖം മാത്രമാണ് ഭരണഘടനാ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതെന്ന കോൺഗ്രസിന്റെ വാദം ഭരണഘടനയെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് തുറന്നുകാട്ടുന്നത്. കോൺഗ്രസിന്റെ പാപങ്ങളുടെ പാനപാത്രം നിറഞ്ഞിരിക്കുന്നു. ഭരണഘടനയുടെ പകർപ്പുകൾ ഉയർത്തി വ്യാജ ഭരണഘടന സ്നേഹികളായി മാറുകയാണ് ഇന്നത്തെ കോൺഗ്രസുകാരെന്നും ഇവരുടെ പൂർവികർ ഭരണഘടനയുടെ ചൈതന്യത്തെ ഇല്ലായ്മ ചെയ്തവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോൺഗ്രസിന് ലവലേശം ഉളുപ്പുണ്ടെങ്കിൽ ആദ്യം ഭരണഘടനയെയും ഭരണഘടന മൂല്യങ്ങളെയും ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചും മനസിലാക്കണം. രാജ്യത്തിന്റെ മക്കളുടെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തുറന്നടിച്ചു.