മാണ്ഡി: ഹിമാചൽ പ്രദേശിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നടിയും മാണ്ഡിയിലെ ബിജെപി എംപിയുമായ കങ്കണ റാവത്ത്. പ്രളയത്തിൽ വീടുൾപ്പെടെ നഷ്ടമായവരെ എംപി നേരിൽ കണ്ടു. പലരെയും ആശ്വസിപ്പിക്കവെ കങ്കണ വികാരാധീനയായി. ദുരന്തത്തിന്റെ ആഘാതം നേരിട്ട് മനസിലാക്കാനും ദുരിതാശ്വാസ പ്രവർത്തങ്ങൾ വിലയിരുത്താനുമായാണ് എംപി ഹിമാചലിലെത്തിയത്.
പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കുകയും ദുരിതബാധിതർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും കങ്കണ ഉറപ്പുനൽകി. “ആളുകൾക്ക് എല്ലാം നഷ്ടപ്പെട്ടു, ആ നഷ്ടത്തിന്റെ ആഘാതത്തിൽ എനിക്ക് അതിയായ വേദനയും സങ്കടവും തോന്നുന്നു. ഞങ്ങളുടെ പ്രതീക്ഷ നരേന്ദ്ര മോദിയാണ്,” സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചു.
പ്രളയബാധിതർക്ക് സംസ്ഥാന സർക്കാരിൽനിന്നും ഒരു സഹായവും ലഭിക്കുന്നില്ല എന്നത് വളരെ ലജ്ജാകരമാണ്. പ്രളയബാധിത പ്രദേശങ്ങളിൽ പോകുന്നിടത്തെല്ലാം നിസ്സഹായരായ ആളുകൾ പരാതിപ്പെടുന്നു. അവരോടുള്ള സംസ്ഥാന സർക്കാരിന്റെ പെരുമാറ്റം ക്രൂരവും മനുഷ്യത്വ രഹിതവുമാണ്, കങ്കണ മറ്റൊരു പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹിമാചൽ പ്രദേശിലെ പല മേഖലകളിലും ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ ഉണ്ടായി. കങ്കണയുടെ മണ്ഡലമായ മാണ്ഡിയിലെ കുളു പ്രദേശത്തും മേഘവിസ്ഫോടനവും പ്രളയവും കനത്ത നാശനഷ്ടമാണുണ്ടാക്കിയത്.
People have lost everything, in the vastness of that loss I feel immense pain and grief. pic.twitter.com/Mfh1Gg3YUq
— Kangana Ranaut (@KanganaTeam) August 6, 2024