ആലപ്പുഴ: മോഷ്ടിച്ച ബൈക്കിന്റെ നമ്പർ തിരുത്തി കറങ്ങിയ വയോധികൻ പിടിയിൽ. സൈക്കിൾ മോഷ്ടിച്ചതിന് അടുത്തിടെ ഹരിപ്പാട് വച്ച് അറസ്റ്റിലായ കണ്ണൂർ സ്വദേശി രാജപ്പൻ(61) ആണ് വീണ്ടും കുടുങ്ങിയത്. സൈക്കിൾ മോഷണക്കേസിൽ റിമാൻഡിലിരിക്കെയാണ് രാജപ്പനെ തേടി അടുത്ത കേസും എത്തിയത്.
സൈക്കിൾ മോഷണക്കേസിൽ അറസ്റ്റിലാകുന്നതിന് മുന്നേയാണ് മോഷ്ടിച്ച ബൈക്കുമായി ഇയാൾ കറങ്ങിയത്. ഹെൽമറ്റിടാതെ കറങ്ങിയതിനാൽ ഇയാളുടെ ചിത്രം എഐ ക്യാമറയിൽ പതിയുകയായിരുന്നു. എന്നാൽ ബൈക്കിന്റെ ഒരു നമ്പർ മായ്ച്ചു കളഞ്ഞിരിക്കുന്നതായി എംവിഡിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹെൽമറ്റില്ലാത്ത യാത്ര ചെയ്തതിനാൽ സ്‌കൂട്ടറിന്റെ ഉടമയ്‌ക്ക് പിഴ അടയ്‌ക്കാനുള്ള നോട്ടീസും എംവിഡി നൽകി.
എന്നാൽ തന്റെ സ്‌കൂട്ടറല്ലെന്നും ഓടിക്കുന്ന ആളിനെ അറിയില്ലെന്നും കാണിച്ച് ഉടമ മോട്ടോർ വാഹന വകുപ്പിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ ആർ.ടി.ഒ. ഓഫീസ് ജീവനക്കാരൻ വെണ്മണി സ്വദേശി മണിക്കുട്ടന്റെ മോഷണം പോയ ബൈക്കാണിതെന്ന് കണ്ടെത്തിയത്. എന്നാൽ ഇതിനിടയിൽ സൈക്കിൾ മോഷണത്തിന് പ്രതി പിടിയിലായിരുന്നു. മോഷ്ടിച്ച ബൈക്ക് റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങളിൽ വച്ചാണ് ഇയാൾ സൈക്കിൾ മോഷണത്തിന് ഇറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.