ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം ശാന്തമാക്കുന്നതിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന രാജിവെക്കാൻ നിർബന്ധിതമായി ഇന്ത്യയിൽ അഭയം തേടിയത്. പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ബംഗ്ലാദേശിൽ കലാപകാരികൾ കൂടുതൽ അക്രമാസക്തരാകുകയും ന്യൂനപക്ഷങ്ങളുടെ ക്ഷേത്രങ്ങളും വീടുകളും തകർക്കുകയും ചെയ്തിരുന്നു. ധാക്കയിലെ ധൻമോണ്ടിയിലുള്ള ഇന്ദിരാഗാന്ധി കൾച്ചറൽ സെൻ്റർ നശിപ്പിച്ചതിന്റെ വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
തകർക്കപ്പെട്ട സാംസ്കാരിക കേന്ദ്രത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളാണ് വാർത്ത ഏജൻസികൾ പുറത്തുവിട്ടിരിക്കുന്നത്. കറുത്ത പുകകൊണ്ട് നിറം മാറിയ കെട്ടിടത്തിന്റെ പുറം ഭാഗവും കരിഞ്ഞുണങ്ങിയ പുൽത്തകിടിയും തകർന്ന ജനലുകളും വളച്ചൊടിച്ച ലോഹക്കമ്പികളും മാത്രമാണ് ഇപ്പോൾ അവിടെ അവശേഷിക്കുന്നത്. തീപിടിത്തത്തിൽ പുസ്തകങ്ങളും മറ്റും കത്തി നശിച്ചതായി കാണിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പങ്കുവച്ചു. കലാപകാരികളെന്ന് സംശയിക്കുന്ന നിരവധി യുവാക്കൾ കേന്ദ്രത്തിനുള്ളിലും സമീപത്തുമായി അലഞ്ഞുനടക്കുന്നതും ദൃശ്യമാണ്.
2010 മാർച്ചിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ കേന്ദ്രത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി സാംസ്കാരിക പരിപാടികൾ, സാംസ്കാരിക സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ നിന്നുള്ള ഗുരുക്കന്മാരും പ്രൊഫഷണലുകളും നൃത്ത പരിശീലകരും പങ്കെടുക്കുന്ന യോഗ, ഹിന്ദി, ഇന്ത്യൻ ക്ലാസിക്കൽ വോക്കൽ മ്യൂസിക്, കഥക് തുടങ്ങിയവയും നടന്നിരുന്നു.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഓഫ് ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമായ സെന്ററിൽ ഇന്ത്യൻ കല, സംസ്കാരം, രാഷ്‌ട്രീയം, സാമ്പത്തിക ശാസ്ത്രം, ഫിക്ഷൻ എന്നീ മേഖലകളിൽ 21,000-ത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ഇതാണ് കലാപകാരികൾ തീവച്ച് നശിപ്പിച്ചത്.
#WATCH | Bangladesh: Aftermath of looting and arson at Indira Gandhi Cultural Centre, Dhaka. Violent unrest erupted in the national capital yesterday, 5th August.
(Video Source: Reuters) pic.twitter.com/yObqaEbMtp
— ANI (@ANI) August 6, 2024