ന്യൂഡൽഹി: ബംഗ്ലാദേശ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുകെ. ബ്രിട്ടീഷ് കുടിയേറ്റ നിയമങ്ങൾ വ്യക്തികൾക്ക് താൽക്കാലിക അഭയം തേടാനോ ആ രാജ്യത്തേക്ക് പോകാനോ അനുവദിക്കുന്നതല്ലെന്ന് യുകെ ഹോം ഓഫീസ് അറിയിച്ചു. ഇപ്പോൾ ഡൽഹിയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി അവിടെനിന്നും ലണ്ടനിലേക്ക് പോകുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബ്രിട്ടന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
മറ്റൊരു രാജ്യത്ത് അഭയം തേടുന്ന വ്യക്തികൾ അവർ ആദ്യം എത്തിച്ചേരുന്ന സുരക്ഷിത രാജ്യത്തുതന്നെ തുടരുന്നതാണ് നല്ലതെന്നും കഴിഞ്ഞമാസം അധികാരത്തിലെത്തിയ കെയ്ർ സ്റ്റാർമെറുടെ നേതൃത്വത്തിലുള്ള യുകെ ഗവൺമെന്റ് അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
“സംരക്ഷണം ആവശ്യമുള്ളവർക്ക് അഭയം നൽകുന്നതിൽ അഭിമാനിക്കുന്ന രാജ്യമാണ് ബ്രിട്ടൻ. എന്നാൽ അങ്ങനെ അഭയം ൽകുന്നതിനോ യുകെയിലേക്ക് വരുന്നതിനോ അവരെ അനുവദിക്കുന്ന വ്യവസ്ഥകളില്ല,” യുകെ ഹോം ഓഫീസിൽ വക്താവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ അഭയം തേടിയുള്ള ഒരു ഔദ്യോഗിക അഭ്യർത്ഥന ഹസീന ബ്രിട്ടന് അയക്കുമെന്നാണ് സൂചന. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഹസീന ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംരക്ഷണയിലാണെന്നാണ് വിവരം. യുകെ പൗരത്വമുള്ള സഹോദരി ഷെയ്ഖ് രെഹാനയും ഹസീനയ്‌ക്കൊപ്പമുണ്ട്. ഇത് ബ്രിട്ടനിൽ അഭയം തേടാൻ സഹായകമാകുമെന്നായിരുന്നു കണക്കുകൂട്ടലുകൾ. കൂടാതെ മരുമകൾ തുലിപ് സിദ്ദിഖ് ബ്രിട്ടീഷ് ലേബർ പാർലമെന്റ് അംഗവുമാണ്.















