പൂനെ: മഹാരാഷ്‌ട്രയിലെ പൂനെയിൽ 66 സിക വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ വൈറസ് പോസിറ്റീവായ 4 രോഗികൾ മരിച്ചു. എന്നാൽ മരണപ്പെട്ടവർ 68 നും 78 നും ഇടയിൽ പ്രായമുള്ളവർ ആയതിനാൽ പ്രായാധിക്യവും മോശം ആരോഗ്യസ്ഥിതിയുമാണ് മരണ കാരണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
രോഗബാധിതരിൽ 26 ഗർഭിണികളും ഉൾപ്പെടുന്നു. അവരെ സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഭൂരിഭാഗം പേരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. ജൂൺ 20 നാണ് പൂനെയിൽ ആദ്യ സിക വൈറസ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 46 കാരനായ ഡോക്ടറുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. പിന്നാലെ അദ്ദേഹത്തിന്റെ 15 വയസുള്ള മകൾക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം രാജ്യത്ത് സിക വൈറസ് ബാധിച്ച് മരണങ്ങളൊന്നും നേരിട്ട് സംഭവിച്ചിട്ടില്ലെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം അറിയിച്ചു. സിക വൈറസ് അണുബാധ ഗർഭസ്ഥ ശിശുവിൽ മൈക്രോസെഫാലി എന്ന അവസ്ഥയ്‌ക്ക് കാരണമാകും. തൽഫലമായി അസാധാരണമായ മസ്തിഷ്ക വളർച്ച കാരണം ജനിക്കുന്ന കുഞ്ഞിന്റെ തല ചെറുതാകുന്ന അവസ്ഥയുണ്ടാകും. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക വൈറസും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.