കോഴിക്കോട്: ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രിയുടെ മറുപടി. കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി രേഖാമൂലം നൽകിയത്. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്‌ക്ക് സഹകരണബാങ്കിൽ ജോലി നൽകുന്ന കാര്യവും ബാങ്ക് അധികൃതർ കുടുംബത്തെ അറിയിച്ചു.
അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിൽ സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി മറുപടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരും കർണാടക സർക്കാരുമായി നടത്തിയ ആശയവിനിമയത്തെ കുറിച്ചും കത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് വേങ്ങേരി സർവീസ് സഹകരണ ബാങ്ക് അധികൃതർ അർജുന്റെ വീട്ടിലെത്തി ജോലി നൽകുമെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജൂനിയർ ക്ലർക്ക് തസ്തികയിലായിരിക്കും നിയമനം. ജോലി സ്വീകരിക്കുമെന്ന് കൃഷ്ണപ്രിയ അറിയിച്ചു.
അതേസമയം, ഷിരൂരിൽ തിരച്ചിൽ എന്ന് തുടങ്ങും എന്നതിൽ അവ്യക്തത തുടരുകയാണ്. ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായിട്ടും കർണാടക സർക്കാർ ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. കുടുംബാംഗങ്ങൾ ഇന്ന് മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെയുമായി സംസാരിച്ചിരുന്നു. ഗംഗാവലി പുഴയിൽ ഒഴുക്ക് കുറവാണെന്നും തിരച്ചിൽ പുനരാരംഭിച്ചേക്കുമെന്നുമാണ് മാൽപെ കുടുംബത്തെ അറിയിച്ചത്.