പാരിസ്: ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യയുടെ സ്വപ്‌നങ്ങൾക്ക് ചിറകൊടിഞ്ഞു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും പുനഃപരിശോധനയ്‌ക്ക് വിധേയമാക്കാൻ സാധിക്കില്ലെന്നും അറിയിച്ചു. വിനേഷ് തോൽപ്പിച്ച ക്യൂബൻ താരം യുസ്‌നെലിസ് ഗുസ്മാൻ ഫൈനലിൽ അമേരിക്കൻ ഗുസ്തി താരമായ സാറ ഹിൽഡെബ്രാൻഡിനെ നേരിടും.
വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ തോൽപ്പിച്ച യുക്രെയ്ൻ താരത്തെ വെങ്കല മെഡൽ പോരാട്ടത്തിലേക്കും തെരഞ്ഞെടുക്കും. ക്വാർട്ടറിൽ യുക്രെയിൻ താരം ഒക്‌സനെയെ 7-5 എന്ന പോയിന്റ് നിലയിൽ തകർത്തായിരുന്നു വിനേഷ് സെമിയിലേക്കുള്ള യോഗ്യത നേടിയത്. ആദ്യ മത്സരത്തിൽ നിലവിലെ ജപ്പാൻ താരം യുസി സുസാകിയെയും വിനേഷ് തോൽപ്പിച്ചിരുന്നു. സുസാകിയും ഒക്‌സെനെയുമാണ് വെങ്കല പോരാട്ടത്തിനായി ഇനി ഗോദയിലിറങ്ങുക. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിനേഷിന്റെ സ്ഥാനം അവസാനമായി രേഖപ്പെടുത്തുമെന്നും ഐഒസി അറിയിച്ചു.
അതേസമയം വിനേഷിനെ ആശ്വസിപ്പിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. പാരിസ് ഒളിമ്പിക്‌സിലെ വിനേഷിന്റെ പോരാട്ടം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതും ആവേശഭരിതമാക്കുന്നതുമാണ്. പാരിസ് ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെടുമ്പോൾ രാജ്യത്തുള്ള 1.4 ബില്യൺ ആളുകളുടെയും മനസിൽ വിനേഷ് ചാമ്പ്യനാണ്. ഓരോ സ്ത്രീകൾക്കും ഭാവിയിലെ ചാമ്പ്യൻമാർക്കും പ്രചോദനമാണ് വിനേഷെന്നും രാജ്യം അവർക്കൊപ്പമുണ്ടെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു കുറിച്ചു. രാജ്യത്തിന്റെ അഭിമാനമാണ് വിനേഷെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.
Vinesh Phogat’s extraordinary feats at the Paris Olympics have thrilled every Indian and done the country proud. While we all share her disappointment at the disqualification, she remains a champion in the hearts of 1.4 billion people. Vinesh embodies the truly indefatigable…
— President of India (@rashtrapatibhvn) August 7, 2024















