ന്യൂഡൽഹി: വിനോഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചെന്ന് കേന്ദ്രകായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. പരിശീലനത്തിനും മറ്റുമായി താരത്തിന് കേന്ദ്രസർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നതായും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
”പാരിസിൽ ഇന്ത്യൻ സംഘത്തിനൊപ്പമുള്ള ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. താരത്തെ അയോഗ്യയാക്കിയതിനെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകി. പരിശീലകൻ ഉൾപ്പെടെ താരം ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഹംഗേറിയൻ പരിശീലകനും ഫിസിയോകളും താരത്തിനൊപ്പമുണ്ട്. സ്‌പെയിനിൽ പരിശീലനത്തിന് പോകാനും ഒളിമ്പിക്‌സ് തയ്യാറെടുപ്പുകൾക്ക് വേണ്ടിയും സർക്കാർ ധനസഹായം നൽകിയിരുന്നു. ഹംഗറിയിൽ പോകാനും റഷ്യയിൽ നടന്ന അന്താരാഷ്‌ട്ര ക്യാമ്പിൽ പങ്കെടുക്കാനും സർക്കാർ സഹായിച്ചിരുന്നു. ”കായിക മന്ത്രി പറഞ്ഞു.
അതേസമയം വിനേഷിനെ ആശ്വസിപ്പിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. പാരിസ് ഒളിമ്പിക്സിലെ വിനേഷിന്റെ പോരാട്ടം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതാണെന്നും രാജ്യത്തെ ജനങ്ങളുടെ മനസിൽ വിനേഷ് ചാമ്പ്യനാണെന്നും രാഷ്‌ട്രപതി ദൗപദി മുർമു പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് വിനേഷെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.
ഗുസ്തിയിൽ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മത്സരിക്കാനിരിക്കെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്. രാവിലെ നടന്ന ഭാരപരിശോധനയിൽ അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടുതലായതിനെ തുടർന്നാണ് താരത്തെ അയോഗ്യയാക്കിയത്.