കാഠ്മണ്ഡു : നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണ് 5 പേർക്ക് ദാരുണാന്ത്യം. നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തലസ്‌ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് സയാഫ്രുബെൻസിയിലേക്കു പുറപ്പെട്ട എയർ ഡൈനസ്റ്റി ഹെലികോപ്റ്ററാണ് തകർന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പൈലറ്റായ മുതിർന്ന ക്യാപ്റ്റൻ അരുൺ മല്ലയും നാല് ചൈനീസ് പൗരന്മാരുമാണ് ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിൽ തന്നെ പൈലറ്റിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. ചൈനീസ് പൗരന്മാർ റാസുവയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹെലികോപ്റ്റർ തകർന്നുവീണ സ്‌ഥലത്ത് രക്ഷാപ്രവർത്തകരും പൊലീസും എത്തിയിട്ടുണ്ട്. പൈലറ്റും ചൈനീസ് പൗരന്മാരുമുൾപ്പെടെ 5 യാത്രക്കാരുടെയും മരണം സ്‌ഥിരീകരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.