തിരുവനന്തപുരം: കെഎസ്എഫ്ഇയ്‌ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് സംവിധായകൻ അഖിൽ മാരാർ. കെഎസ്എഫ്ഇ വഴി കുട്ടികൾക്ക് ലോണാണ് നൽകിയതെന്നും അവരുടെ കയ്യിൽ നിന്ന് പണം പിരിക്കുകയാണെന്നും അഖിൽ മാരാർ പറഞ്ഞു. കെഎസ് എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പിഎയുമായി സംസാരിച്ചതിന്റെ ഫോൺ കോൾ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് അഖിൽ മാരാർ തെളിയിച്ചത്.
‘വിദ്യ ശ്രീ പദ്ധതി വഴി കുട്ടികൾക്ക് സൗജന്യമായിട്ടാണോ സർക്കാർ ലാപ്ടോപ്പ് കൊടുത്തത്’ എന്നതായിരുന്നു ഫോൺ കോളിൽ അഖിൽ മാരാരുടെ ചോദ്യം. എന്നാൽ മാസംതോറും പണം അടയ്‌ക്കുന്ന സ്കീം ആണെന്നാണ് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പിഎ വെളിപ്പെടുത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്ന് അഖിൽ മാരാർ ഉന്നയിച്ചത്.
കെഎസ്എഫ്ഇ-ക്ക് സർക്കാർ പണം നൽകിയിട്ടില്ലെന്നും കെഎസ്എഫ്ഇയുടെ പണത്തിനാണ് കുട്ടികൾക്ക് ലാപ്ടോപ്പ് നൽകിയതെന്നും കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പിഎ തുറന്നു പറഞ്ഞു. പണം സർക്കാർ തന്നു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറയുന്നു. കൊറോണ കാലത്ത് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ കെഎസ്എഫ്ഇക്ക് പണം നൽകിയത് സർക്കാർ ആണെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വാദത്തിന്റെയും കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുമായി നടത്തിയ ഫോൺകോളിന്റെ വോയിസ് റെക്കോർഡും പുറത്തുവിട്ടുകൊണ്ടാണ് അഖിൽ മാരാർ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. കെ എസ് എഫ് ഇ വഴി ലോൺ കൊടുത്തിട്ട് അത് തിരിച്ചു പാവങ്ങളുടെ കൈയിൽ നിന്നും മേടിച്ചിട്ട് ഉളുപ്പില്ലാതെ സഹായിച്ചു എന്ന് പറയുന്ന കള്ളൻ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അഖിൽ മാരാർ തുറന്നടിച്ചു.