തൃശൂർ: പെൻഷൻ ആനുകൂല്യങ്ങൾ നിലച്ചതോടെ ഉപജീവന മാർഗത്തിനായി മീൻ കച്ചവടം തുടങ്ങി മുൻ എ എസ് ഐ. ഒന്നര വർഷമായി പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതോടെയാണ് ആന്റോ ഉപജീവന മാർഗത്തിനായി മീൻ കച്ചവടത്തിനിറങ്ങിയത്. ഹൃദ്രോഗിയായ ആന്റോയ്‌ക്ക് മരുന്നിന് പോലുമുള്ള പണം തികയാതെ വന്നപ്പോൾ ചെങ്ങാലൂരിന് സമീപം ‘ കടപ്പുറം പച്ചമീൻ’ എന്ന പേരിൽ മീൻ കച്ചടവടം തുടങ്ങുകയായിരുന്നു.
2023ലാണ് എ എസ് ഐയായി ആന്റോ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ നിന്നും വിരമിച്ചത്. ഇതിനിടയിൽ 2020ലുണ്ടായ ഹൃദയാഘാതത്തിനെ തുടർന്ന് നിരവധി അവധികൾ എടുത്തതാണ് പെൻഷൻ ആനുകൂല്യങ്ങൾക്ക് തടയിട്ടത്. ഇതുമായി ബന്ധപ്പെട്ട ഫയൽ നീങ്ങാത്തതിനാൽ 2020ലെ ശമ്പള പരിഷ്‌കരണത്തിന്റെ ആനൂകൂല്യങ്ങളും ആന്റോയ്‌ക്ക് നഷ്ടമായി. തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയായിരുന്നു ആന്റോ മുന്നോട്ടു പോയിരുന്നത്.
4,500 രൂപയെങ്കിലും മരുന്നിന് ആവശ്യമായി വന്നതോടെയാണ് ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരിക്കാതെ മറ്റ് ജോലികൾ ചെയ്യാമെന്ന തീരുമാനത്തിലേക്ക് ആന്റോ എത്തിയത്. ഇതോടെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മീൻ കച്ചവടം ആരംഭിച്ചു. കച്ചവടം നന്നായി നടക്കുന്നതിനായി പ്രദേശ വാസികളെല്ലാവരും ചേർന്ന് ആന്റോയ്‌ക്കായി സമൂഹമാദ്ധ്യമങ്ങളിൽ ഒരു ഗ്രൂപ്പും തുടങ്ങി. ഏതൊക്കെ മീനുകളാണ് വിൽക്കുന്നതെന്നും ഇതിന്റെ വിലവിവര പട്ടികളും ഗ്രൂപ്പിൽ അറിയിക്കുന്നതിനാൽ മീൻ വാങ്ങാൻ ആവശ്യക്കാർ ഏറെയാണെന്ന് ആന്റോ പറയുന്നു. രാവിലെ 8.30 മുതൽ രാത്രി 8.30 വരെയാണ് കച്ചവടം.
പെൻഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇപ്പോൾ ഒഴിവായിട്ടുണ്ടെന്നും വൈകാതെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ആന്റോ പറഞ്ഞു. എന്നാൽ ആനുകൂല്യങ്ങൾ ലഭിച്ച ശേഷവും അഭിമാനത്തോടെ മീൻ കച്ചവടം തുടരാനുള്ള തീരുമാനത്തിലാണ് ആന്റോ.















