വിനേഷ് ഫോഗട്ടിന്റെ അയോഗ്യത വിശ്വസിക്കാനാകുന്നില്ലെന്ന് മുൻ ബോക്സിംഗ് താരം വിജേന്ദർ സിംഗ്. താരത്തിന്റെ അയോഗ്യത അട്ടിമറിയാണെന്ന് സംശയിക്കപ്പെടുന്നതായും ഒളിമ്പ്യൻ വ്യക്തമാക്കി.
“ഞാൻ കരുതുന്നത് ഇതൊരു അട്ടിമറിയെന്നാണ്. ഒളിമ്പിക്‌സിൽ വിനേഷ് ഫോഗട്ട് കാഴ്ചവച്ച പ്രകടനം അഭിനന്ദനമർഹിക്കുന്നുണ്ട്. ഞങ്ങൾ അത്ലറ്റുകൾ ഒരു രാത്രി കൊണ്ട് 5 മുതൽ 6 കിലോ ഭാരം കുറയ്‌ക്കും അപ്പോഴാണ് ഒരു 100 ഗ്രാം. കഠിനമാണെങ്കിലും വിശപ്പും ദാഹവും എങ്ങനെ നിയന്ത്രിക്കണമെന്ന് ഞങ്ങൾക്ക് അറിയാം.
“ഞാൻ അട്ടിമറി എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത് ഇന്ത്യ ഒരു കായിക രാഷ്‌ട്രമായി ഉയരുന്നത് കാണുന്നതിൽ സന്തോഷമില്ലാത്ത ആളുകളെയാണ്. ഈ പെൺകുട്ടി വളരെയധികം അനുഭവിച്ചിരിക്കുന്നു, അവൾക്കായി ഞങ്ങളുടെ ഹൃദയങ്ങൾ തകരുന്നു. ഇതിൽ കൂടുതൽ അവൾക്ക് എന്ത് ചെയ്യാനാകും– വിജേന്ദർ പറഞ്ഞു.
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷിന് ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയും അയോഗ്യയാക്കുകയുമായിരുന്നു.















