കോഴിക്കോട്: കുടുംബ കലഹത്തെ തുടർന്ന് പ്ലാവിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വയോധികൻ. ഓമശ്ശേരി സ്വദേശിയും 62കാരനുമായ കൃഷ്ണനാണ് നാട്ടുകാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തിയത്. പിന്നീട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വയോധികനെ താഴെ ഇറക്കുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. കൃഷ്ണന്റെ മകളും ഭർത്താവും തമ്മിൽ കുടുംബ കലഹം നിലനിന്നിരുന്നു. ഇതേത്തുടർന്ന് ഏറെ നാളായി ഭർത്താവിൽ നിന്ന് അകന്ന് താമസിക്കുകയാണ് കൃഷ്ണന്റെ മകൾ. ഇതിൽ മനംനൊന്ത ഇയാൾ പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത് ഭർത്താവുമായി മകളെ ഒന്നിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
തുടർന്ന് പ്രശ്‌നത്തിന് പരിഹാരം കാണാതെ താഴെ ഇറങ്ങില്ലെന്ന് പറഞ്ഞ് ഇയാൾ പ്ലാവിന്റെ മുകളിലേക്ക് വലിഞ്ഞു കയറുകയായിരുന്നു. വിഷകുപ്പിയുമായാണ് ഇയാൾ മരത്തിന് മുകളിൽ കയറിയതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് അഗ്നിശമനസേനയും പൊലീസും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിൽ ഇയാളെ താഴെ ഇറക്കുകയായിരുന്നു.















