സ്വർണ മെഡൽ പോരാട്ടത്തിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയായതോടെ ഗുസ്തിയിൽ ഭാരം കണക്കാക്കുന്നത് എങ്ങനെയാണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ ഫ്രീ സ്റ്റൈല്‍ വിഭാഗത്തിൽ വനിതകൾക്ക് ആറ് ഭാര വിഭാഗങ്ങളിലായാണ് മത്സരങ്ങളുള്ളത്. 50 കിലോ, 53, 57, 62, 68, 76 എന്നിങ്ങനെയാണത്. ഇതിൽ ഏറ്റവും ഭാരം കുറഞ്ഞ 50 കിലോ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. മുമ്പ് 53 കിലോ വിഭാഗത്തിൽ മത്സരിച്ചിരുന്ന ഫോഗട്ട് യോഗ്യതയ്‌ക്കായാണ് 50 കിലോ വിഭാഗത്തിലേക്ക് മാറിയത്.
രണ്ട് ദിവസങ്ങളിലായാണ് ഗുസ്തി മത്സരങ്ങൾ നടക്കുക. ആദ്യ ദിവസം സെമി ഫൈനൽ വരെയുള്ള മത്സരങ്ങളും രണ്ടാം ദിവസം ഫൈനലും വെങ്കല മെഡൽ പോരാട്ടവും നടക്കും. ഒരോ ദിവസം രാവിലെയും മുൻ കൂട്ടി നിശ്ചയിച്ച സമയത്ത് താരങ്ങൾ ഭാര പരിശോധനയക്ക് വിധേയരാകണം. ഈ സമയം താരങ്ങൾ നിശ്ചിത ഭാരപരിധിക്ക് ഉള്ളിലായിരിക്കണം. ഒന്നാം ദിനം അനുവദിച്ച 30 മിനിറ്റിനുള്ളിലും രണ്ടാം ദിനം 15 മിനിറ്റിനുള്ളിലുമാണ് ഓരോ താരവും നിശ്ചിത ഭാരപരിധിക്കുള്ളിലാണെന്ന് തെളിയിക്കേണ്ടത്. ഈ സമയത്തിനുള്ളിൽ എത്രതവണ വേണമെങ്കിലും താരങ്ങൾക്ക് പരിശോധന നടത്താം. ഭാരം കൂടുതലാണെങ്കിൽ വ്യായാമം ചെയ്ത് ഭാരം കുറയ്‌ക്കാമെന്നാണ് അർത്ഥം.
ഒന്നാം ദിനമോ രണ്ടാം ദിനമോ ഭാര പരിശോധനയ്‌ക്ക് എത്താതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ താരം മത്സരത്തിന്റെ ഏത് ഘട്ടത്തിലാണെങ്കിലും താരത്തിന് അയോഗ്യത കൽപ്പിക്കപ്പെടും. അതാണ് ഇപ്പോൾ വിനേഷ് ഫോഗട്ടിന് സംഭവിച്ചിരിക്കുന്നത്. ഭാര പരിശോധനയ്‌ക്ക് ചില നിബന്ധനകളുമുണ്ട്. ഭാരമെടുക്കുന്ന സമയത്ത് താരങ്ങൾ മത്സരത്തിൽ ധരിക്കുന്ന വസ്ത്രമാണ് ധരിക്കേണ്ടത്.
രാവിലെ ഭാര പരിശോധനക്കൊപ്പം പ്രത്യേക വൈദ്യ പരിശോധനയുമുണ്ട്. ഈ പരിശോധനയിൽ പകർച്ചവ്യാധി പോലുള്ള അസുഖങ്ങൾ ഇല്ലെന്ന് വൈദ്യ സംഘം ഉറപ്പാക്കും. ഇത്തരത്തിൽ അസുഖം കണ്ടെത്തിയാലും താരത്തെ അയോഗ്യയാക്കും. താരങ്ങളുടെ നഖം എതിരാളികൾക്ക് മുറിവുണ്ടാക്കുന്ന വിധം നീട്ടി വളർത്തിയിട്ടില്ലെന്നും പരിശോധനയിൽ ഉറപ്പാക്കും. അത്രയധികം സൂക്ഷമതയോടെയാണ് ഒളിമ്പിക്‌സ് ഗുസ്തിയിൽ താരങ്ങൾ മത്സരിക്കാനിറങ്ങുന്നത്.















