കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. നാലുവയസുകാരനാണ് രോഗ മുക്തി നേടിയത്. 24 ദിവസം നീണ്ടു നിന്ന ചികിത്സയ്‌ക്ക് ശേഷമാണ് കുട്ടി വീട്ടിലെത്തിയത്.
കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ട കുട്ടിയെ ജൂലൈ 13-നാണ് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ പരിശോധനയിൽ മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കുട്ടി പ്രകടിപ്പിച്ചിരുന്നു. നട്ടെല്ലിലെ ശ്രവം പരിശോധിച്ച് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചികിത്സ ആരംഭിച്ചത്.
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം ഏഴായി. രോഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. നിലവിൽ 39 പേരാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വർദ്ധിക്കുന്ന കാരണം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 15 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. ഇതിൽ രണ്ടുപേരാണ് രോഗ മുക്തി നേടിയത്. തിരുവനന്തപുരത്ത് ഇതുവരെ ഏഴു പേർക്ക് രോഗം ബാധിച്ചെന്നും വീണാ ജോർജ്ജ് പറഞ്ഞു.
തിരുവനന്തപുരത്ത് രോഗം ബാധിച്ചവരിൽ ഒരാൾ ജൂലൈ 23-ന് മരണപ്പെട്ടു. 6 പേർ ചികിത്സയിൽ കഴിയുകയാണ്. ഇവരെല്ലാവരും നെല്ലിമൂടിലെ കുളത്തിൽ കുളിച്ചിട്ടുള്ളതായും വീണാ ജോർജ്ജ് പറഞ്ഞു. ആദ്യ ആളിൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മറ്റുള്ളവരിലേക്ക് എത്താൻ സഹായിച്ചത്. 33 പേർക്കാണ് കുളവുമായി ബന്ധമുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ എന്ത് കൊണ്ട് കേസുകൾ വർദ്ധിക്കുന്നു എന്നത് പരിശോധിക്കും. ഇത് സംബന്ധിച്ച് ഐസിഎംആറിന് കത്തയച്ചിട്ടുണ്ട്. ഐസിഎംആർ സംഘം പഠനവും നടത്തും. മരുന്ന് ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവർക്ക് ആവശ്യമായ മരുന്നിന്റെ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൂക്കിലോ, തലയിലോ ശസ്ത്രക്രിയ നടത്തിയവർക്കും തലയിൽ പരിക്ക് പറ്റിയവർക്കുമാണ് രോഗം പടരാനുള്ള സാധ്യത. പായൽ പിടിച്ചതും മൃഗങ്ങളെ കുളിപ്പിച്ചതുമായ ജലാശയങ്ങളിൽ കുളിക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകി.















