വിനേഷ് ഫോഗട്ടിനെ ഓർത്ത് ദശലക്ഷകണക്കിന് ജനങ്ങൾ അഭിമാനിക്കുകയാണെന്ന് നടൻ മമ്മൂട്ടി. ജനങ്ങളുടെ മനസിൽ വിനേഷാണ് വിജയിയെന്നുമായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മമ്മൂട്ടി കുറിപ്പ് പങ്കുവച്ചത്.
‘വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയെ കുറിച്ച് കേൾക്കുന്നത് ഹൃദയഭേദകമാണ്. ദശലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തിൽ വിനേഷാണ് ചാമ്പ്യൻ. അവളുടെ സഹിഷ്ണുതയും അർപ്പണബോധവും നേട്ടങ്ങളും നമ്മെ പ്രചോദിപ്പിക്കും. വിനേഷ്, നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു, കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും.’- മമ്മൂട്ടി കുറിച്ചു.
ചലച്ചിത്ര മേഖലയിൽ നിന്നും നിരവധി താരങ്ങളാണ് പാരിസ് ഒളിമ്പിക്സിൽ ഫൈനലിന് തൊട്ടുമുൻപ് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിനേഷ് ഫോഗട്ടിന്റെ ധൈര്യം ആർക്കും ഇല്ലാതാക്കാൻ കഴിയില്ലെന്നും രാജ്യം മുഴുവൻ നിങ്ങളോടൊപ്പമാണെന്നുമാണ് ആലിയ ഭട്ട് കുറിച്ചത്.
ഇന്ത്യയിലെ എല്ലാ വനിതകൾക്കും നിങ്ങൾ ഹീറോയാണെന്നാണ് പ്രീതി സിന്റ കുറിച്ചത്. തല ഉയർത്തി എപ്പോഴും ശക്തയായിരിക്കൂ. വിഷമകരമായ സമയങ്ങൾ എത്രയും വേഗം കടന്നു പോകും. കൂടുതൽ കരുത്തോടെ ഇരിക്കൂ എന്നായിരുന്നു പ്രീതിയുടെ വാക്കുകൾ.