ന്യൂഡൽഹി: എഎപി എംപി സ്വാതി മാലിവാളിനെ കെജ്‌രിവാളിന്റെ സഹായിയായ ബിഭവ് കുമാർ ആക്രമിച്ച സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അത് അന്വേഷിക്കേണ്ടതുണ്ടെന്നും ഡൽഹി പൊലീസ്. ജൂലൈ 16 ന് സിറ്റി കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ സംഭവദിവസം കെജ്‌രിവാളിന്റെ വസതിയിൽ ബിഭവ് കുമാറും കെജ്‌രിവാളും ഒരുമിച്ചുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.
സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പിടിച്ചെടുക്കുന്നതിനു പകരം മാധ്യമങ്ങൾക്ക് ചോർത്തിയതായും ഇതിനു പിന്നിലും ഗൂഢാലോചനയുള്ളതായും പൊലീസ് പറയുന്നു. മാത്രമല്ല പ്രതിയായ ബിഭവ് കുമാറിനെതിരെ ഐപിസി 353 പ്രകാരം 2007 – ൽ സമാനമായ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പ്രതി കുറ്റം ആവർത്തിക്കുകയാണെന്ന് തെളിഞ്ഞിട്ടുള്ളതായി ഡൽഹി പൊലീസ് വ്യക്തമാക്കി. 50 ഓളം സാക്ഷിമൊഴികളുടെ അടിസ്‌ഥാനത്തിൽ ഏകദേശം 500 പേജുകൾ അടങ്ങുന്നതാണ് കുറ്റപത്രം.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിനെതിരെ മനപ്പൂർവ്വമുള്ള നരഹത്യ ശ്രമമടക്കം നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ജൂലൈ 10 ന് ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം രേഖപ്പെടുത്തിയ അനുബന്ധ മൊഴിയിൽ എഎപി നേതാക്കൾ അദ്ദേഹത്തിന് നൽകിയ പിന്തുണ വലിയ ഗൂഢാലോചനയെ സൂചിപ്പിക്കുന്നുവെന്ന് മാലിവാൾ അവകാശപ്പെട്ടിരുന്നു.