പാരിസ് ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ കായിക താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മോഹൻലാൽ. നിങ്ങളാണ് യഥാർത്ഥ പോരാളിയെന്നും രാജ്യം ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പം നിൽക്കുമെന്നുമാണ് മോഹൻലാൽ കുറിച്ചത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
‘ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയർന്നുവരുന്നു. നിങ്ങളാണ് യഥാർത്ഥ പോരാളി, എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു.’- മോഹൻലാൽ കുറിച്ചു.
സെമി ഫൈനൽ മത്സരത്തിന് ശേഷം ഭാരം കൂടാതിരിക്കാൻ താരം കടുത്ത പരിശീലനങ്ങളും വ്യായാമങ്ങളും ചെയ്തിരുന്നു. ഗുസ്തിയുടെ നിയമമനുസരിച്ച് യോഗ്യത റൗണ്ട് ദിവസവും ഫൈനലിന് മുമ്പും ഭാര പരിശോധനയ്‌ക്ക് താരങ്ങൾ വിധേയമാകണമെന്നാണ്. ഇതനുസരിച്ച് ഭാര പരിശോധന നടത്തിയപ്പോഴാണ് വിനേഷിന് 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയത്.അനുവദീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്. ഇതോടെ അവസാന സ്ഥാനത്തായി വിനേഷിനെ രേഖപ്പെടുത്തും.















