പാരിസ്: ഒളിമ്പിക്‌സിൽ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരഭായ് ചാനുവിന് മെഡൽ നഷ്ടം. ഫൈനലിൽ നാലാം സ്ഥാനത്താണ് മീരഭായ് ചാനു ഫിനിഷ് ചെയ്തത്. സ്‌നാച്ചിലെ മൂന്നാം ശ്രമത്തിൽ 88 കിലോഗ്രാമും ക്ലീൻ ആൻഡ് ജർക്കിൽ 111 കിലോഗ്രാമും ഉയർത്തി ആകെ 199 കിലോഗ്രാം ഭാരം ഉയർത്തിയാണ് അവർ നാലാമതായി ഫിനിഷ് ചെയ്തത്.
മത്സരത്തിന്റെ തുടക്കത്തിൽ 85 കിലോഗ്രാം അനായാസമായി ഉയർത്താൻ മീരഭായിക്ക് സാധിച്ചെങ്കിലും രണ്ടാം ലിഫ്റ്റിൽ 88 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചെങ്കിലും മൂന്നാം ശ്രമത്തിലാണ് പൂർത്തീകരിക്കാൻ സാധിച്ചത്. ഇതോടെ മൂന്നാം സ്ഥാനത്തേക്ക് മീരഭായ്‌ക്ക് കയറാൻ സാധിച്ചു. എന്നാൽ ക്ലീൻ ആൻഡ് ജർക്കിൽ പിന്തള്ളപ്പെടുകയായിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ മീരഭായ് ചാനു ഇന്ത്യയ്‌ക്കായി വെള്ളിമെഡൽ സമ്മാനിച്ചിരുന്നു.
പാരിസ് ഒളിമ്പിക്‌സ് വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ റെക്കോർഡോടെ ചൈനയുടെ ഹൗ സിഹുയിയാണ് സ്വർണം നേടിയത്. റുമാനിയൻ താരം മിഹേല വലെന്റിന വെള്ളിയും തായ്‌ലൻഡ് താരം സുറോദ്ചന ഖംബാവോ വെങ്കലവും നേടി.