പാരിസ്: ഒളിമ്പിക്‌സിൽ കയ്യകലത്തുണ്ടായിരുന്ന മെഡൽ നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് രാജ്യമെങ്കിലും സ്വർണ മെഡലിനായുള്ള പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. ഭാരതത്തിന്റെ കണ്ണുകൾ ഇനി നീരജിലേക്ക്..! സുവർണ പ്രതീക്ഷകളുമായി ഒളിമ്പിക്‌സ് സ്വർണ മെഡൽ നിലനിർത്താൻ നീരജ് ഇന്ന് മത്സരക്കളത്തിലിറങ്ങും.
ഇന്ന് രാത്രി 11.55നാണ് ജാവലിൻ ത്രോ ഫൈനലിന് തുടക്കമാകുന്നത്. നീരജ് അടക്കം 12 പേരാണ് ഫൈനലിന് മത്സരിക്കുന്നത്. പ്രേക്ഷകർക്ക് സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിലും ജിയോ സിനിമയിലും തത്സമയം കാണാൻ സാധിക്കും.
ഒറ്റയേറിൽ 89.34 മീറ്റർ ദൂരം ജാവലിൻ പായിപ്പിച്ചാണ് നീരജ് യോഗ്യതാ റൗണ്ടിൽ നിന്ന് ഫൈനലിലേക്ക് മുന്നേറിയത്. നീരജിന്റെ പ്രധാന എതിരാളിയായ പാകിസ്താന്റെ അർഷാദ് നദീമും യോഗ്യതാ റൗണ്ടിൽ 86.59 മീറ്റർ പിന്നിട്ട് യോഗ്യത നേടിയിട്ടുണ്ട്. 84 മീറ്ററായിരുന്നു ഫൈനലിന് വേണ്ട യോഗ്യത. ഫൈനലിലും മികച്ച പ്രകടനം നീരജ് കാഴ്ചവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.