ന്യൂഡൽഹി: പാരിസിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തുന്ന വിനേഷ് ഫോഗട്ടിന് ഒളിമ്പിക്‌സ് മെഡൽ ജേതാവിന് രാജ്യം നൽകാറുള്ള സ്വീകരണം നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടുന്ന ജേതാവിനെ സ്വീകരിക്കുന്നതു പോലെ വിനേഷിനെ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും അർഹമായ എല്ലാ പാരിതോഷികങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് സൈനി ഇക്കാര്യം വിശദീകരിച്ചത്.
” ഞങ്ങളുടെ ഹരിയാനയുടെ ധീരയായ പുത്രി വിനേഷ് ഫോഗട്ട് മികച്ച പ്രകടനം കാഴ്ച വച്ച് ഒളിമ്പിക്‌സ് ഫൈനലിലേക്ക് പ്രവേശിച്ചു. ചില കാരണങ്ങളാൽ അവൾക്ക് ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നതിൽ നിരാശയുണ്ട്. എന്നാൽ ഓരോ ഭാരതീയനും വിനേഷ് ഒരു ഒളിമ്പിക് ചാമ്പ്യനാണ്.
അതിനാൽ വിനേഷ് ഫോഗട്ടിനെ ഒരു മെഡൽ ജേതാവിനെ പോലെ വരവേൽക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഹരിയാന സർക്കാർ ഒളിമ്പിക് വെള്ളി മെഡൽ ജേതാവിന് നൽകുന്ന എല്ലാ പാരിതോഷികങ്ങളും സൗകര്യങ്ങളും ആദരവും നൽകും. ഞങ്ങൾക്കെല്ലാവർക്കും വിനേഷിനെ കുറിച്ചോർക്കുമ്പോൾ അഭിമാനം മാത്രം.”- നയാബ് സിംഗ് സൈനി കുറിച്ചു.
50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിൽ ഫൈനലിലെത്തിയ വിനേഷിന് 100 ഗ്രാം ഭാരം കൂടിയതാണ് തിരിച്ചടിയായത്. ഭാരം കുറയ്‌ക്കാൻ സാധ്യമായ വഴികളെല്ലാം പരീക്ഷിച്ചെങ്കിലും മത്സരത്തിൽ നിന്ന് താരം അയോഗ്യയാക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ വിനേഷ് ഫോഗട്ട് തന്റെ വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.