മേപ്പാടി: കയ്യ് മെയ്യ് മറന്ന് പത്ത് ദിവസം നീണ്ട രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്ന് സൈന്യം മടങ്ങുന്നു. ഹെലികോപ്റ്റർ തിരച്ചിലിുനും ബെയ്ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള രണ്ട് ടീം മാത്രമാണ് ഇനി തുടരുക. സർക്കാരും ജില്ലാ ഭരണകൂടവും സെെന്യത്തിന് യാത്രയയപ്പ് നൽകി.
എൻഡിആർഎഫിന്റെയും അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാകും ഇനിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുക. സൈന്യത്തിന്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ.
ദുരന്തഭൂമിയിൽ ജനങ്ങൾ നൽകിയ സേവനങ്ങൾക്ക് സൈന്യം നന്ദി അറിയിച്ചു. തിരികെ മന്ത്രി മുഹമ്മദ് റിയാസും നന്ദി അറിയിച്ചു. സൈന്യം നടത്തിയ സേവനങ്ങൾ വാക്കുകൾക്കതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. ക്യാമ്പുകളിൽ കഴിയുന്ന ആർക്കെങ്കിലും തിരച്ചിലിൽ പങ്കെടുക്കണമെങ്കിൽ നേരത്തെ വിവരമറിയിക്കണം. ബന്ധപ്പെട്ട ക്യാമ്പുകളെ സമീപിച്ചാൽ വാഹന സൗകര്യം ഉൾപ്പടെ സർക്കാർ ഒരുക്കി നൽകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.