ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ മാമ്പഴങ്ങൾ അയച്ചുനൽകിയെന്ന വാർത്തകൾക്ക് പിന്നാലെ വിമർശനം ശക്തമാക്കി ബിജെപി. ഉത്തർപ്രദേശിലെ മാമ്പഴങ്ങൾ ഇഷ്ടമല്ലെന്ന് പറഞ്ഞ രാഹുലിന് പാകിസ്താൻ അയച്ചുനൽകിയ മാമ്പഴങ്ങളോടാണ് പ്രിയമെന്നും കോൺഗ്രസ് നേതാവിന് പാകിസ്താനുമായുള്ളത് അവിശുദ്ധ ബന്ധമെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. രാഹുൽ ഗാന്ധി, കപിൽ സിബൽ, ശശി തരൂർ എന്നീ കോൺഗ്രസ് നേതാക്കളുൾപ്പെടെ 7 പാർലമെന്റ് അംഗങ്ങൾക്കാണ് ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ മാമ്പഴങ്ങൾ നിറച്ച പെട്ടികൾ അയച്ചു നൽകിയത്.
കോൺഗ്രസ് നേതാവിന് പാകിസ്താനുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള മാമ്പഴം തനിക്ക് ഇഷ്ടമല്ലെന്ന് രാഹുൽഗാന്ധി കുറച്ച് കാലം മുൻപ് പറഞ്ഞിരുന്നു എന്നാൽ പാകിസ്താൻ എംബസ്സി രാഹുലിന് മാമ്പഴം അയച്ച് നൽകി. പാകിസ്താനിൽ നിന്നും മറ്റെന്തൊക്കെയാണ് രാഹുലിന് ഇഷ്ടമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണം. മോദിയെ പുറത്താക്കാൻ എന്തെങ്കിലും പുതിയ മാർഗം പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷ നേതാക്കളുടെ ഹൃദയം എവിടെയാണോ അവിടെ നിന്നുമാണ് അവർ മാമ്പഴം സ്വീകരിച്ചതെന്ന് ബിജെപി എംപി അനുരാഗ് ഠാക്കൂർ പറഞ്ഞു.”അവരുടെ ഹൃദയം എവിടെയാണോ അവിടെ നിന്നുമാണ് അവർക്ക് മാമ്പഴം ലഭിച്ചത്. രാഹുലിന് യുപിയിലെ മാമ്പഴം ഇഷ്ടമല്ല, എന്നാൽ പാകിസ്താനിൽ നിന്നുള്ള മാമ്പഴങ്ങളോടാണ് പ്രിയം,” അനുരാഗ് ഠാക്കൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.7 എംപിമാർക്ക് മാത്രം പാകിസ്താൻ മാമ്പഴങ്ങൾ അയച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ച ബിജെപി നേതാവ് അമിത് മാളവ്യ ചിലരെ ആരാണോ മാമ്പഴം അയച്ചു നൽകിയത് അവരിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നും പറഞ്ഞു.