ഗുവാഹത്തി: ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കുന്നതിനും പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി അസം സർക്കാർ. പെൺകുട്ടികൾക്ക് എല്ലാ മാസവും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ലോക് സേവാ ഭവനിൽ ഭവനിൽ തുടക്കമിട്ടു.
മുഖ്യമന്ത്രി നിജുത് മൊയ്‌ന അസോണി (MMNMA) എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രയോജനം പത്ത് ലക്ഷത്തോളം പെൺകുട്ടികൾക്ക് ലഭ്യമാക്കും. ആദ്യവർഷം ഖജനാവിൽ നിന്ന് 300 കോടി രൂപയും 5 വർഷക്കാലയളവിലേക്ക് 1500 കോടി രൂപയുമാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന വിവരങ്ങളനുസരിച്ച് പദ്ധതി യാഥാത്ഥ്യമാകുന്നതിലൂടെ സ്കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും പെൺകുട്ടികളുടെ പ്രവേശന അനുപാതം വർദ്ധിപ്പിക്കും, കൂടാതെ ഈ വർഷം 200,000 പെൺകുട്ടികൾ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുമെന്നും പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ 20-24 വയസ്സിനിടയിലുള്ള 31.8% സ്ത്രീകളും അമ്മമാരാണെന്ന് കണ്ടെത്തി നിയമപരമായി അംഗീകരിച്ച 18 വയസിനുമുൻപേ തന്നെ ഈ സ്ത്രീകളിൽ ഭൂരിഭാഗവും വിവാഹം കഴിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി കൂടുതൽ പെൺകുട്ടികളെ ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനും ഉചിതമായ പ്രായത്തിൽ വിവാഹിതരാകുന്നതിനും ലക്ഷ്യമിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.