സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമുഖത്ത് സമാനകളില്ലാത്ത രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായാണ് സൈന്യം മടങ്ങുന്നത്. വയനാട്ടിലേത് കൂട്ടായ ദൗത്യമായിരുന്നെന്നും ജോലിയല്ല, കർത്തവ്യം ചെയ്യാനാണെത്തിയതെന്നും ലെഫ്. കേണൽ ഋഷി രാജലക്ഷ്മി പറഞ്ഞു.
സൈന്യമെത്തിയത് അതിജീവിതർക്ക് കരുത്തായി മാറിയെന്നാണ് വിശ്വസിക്കുന്നത്. വീട്ടിലിരുന്ന് പ്രാർത്ഥിക്കുന്നവർ അവരാൽ കഴിയുന്നത് വയനാടിന് വേണ്ടി ചെയ്താൽ പുനരധിവാസത്തിന് അധികം സമയമെടുക്കില്ല. സൈന്യം, നേവി, എയർ ഫോഴ്‌സ്, പൊലീസ്, കോസ്റ്റ് ഗാർഡ് തുടങ്ങി എല്ലാ സേനയും ദുരന്തഭൂമിയിൽ സംയുക്തമായാണ് ദൗത്യത്തിന്റെ ഭാഗമായത്. വയനാട്ടിലേത് ജോലിയായിരുന്നില്ല, മറിച്ചൊരു കർത്തവ്യമായിരുന്നു. – കേണൽ പറഞ്ഞു.
ദുരന്തമുഖത്ത് ഇത്രയെങ്കിലും ചെയ്യാൻ ഏതൊരു മലയാളിക്കും സാധിക്കണം. സൈന്യത്തിൽ നിന്ന് ഓരോ ദിവസവും കൃത്യമായ മാർഗ നിർദ്ദേശങ്ങൾ ലഭിക്കാറുണ്ട്. പാങ്ങോട് സൈനിക കേന്ദ്രത്തിലെ 91 ബ്രിഗേഡിന് കീഴിലാണ് ഞങ്ങൾ. എന്ത് സേവനത്തിനും സൈന്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.