ശ്രീനഗർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജമ്മു കശ്മീരിൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ശ്രീനഗറിലെത്തിയത്. ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. അവലോകന പ്രക്രിയയുടെ ഭാഗമായി, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധി സംഘം കേന്ദ്രഭരണ പ്രദേശത്തെ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ, ഉദ്യോഗസ്ഥർ പ്രാദേശിക പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ ഉടൻ ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ജമ്മു കശ്മീർ ബി.ജെ.പി വക്താവ് സുനിൽ സേത്തി പറഞ്ഞു. തെരഞ്ഞെടുപ്പിന് ബി.ജെ.പി തയ്യാറാണ്. സുരക്ഷയും ഘട്ടം ഘട്ടമായുള്ള തെരഞ്ഞെടുപ്പും സംബന്ധിച്ച് തങ്ങൾക്ക് ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ബിജെപി പൂർണ സജ്ജമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പുപോലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജമ്മു കശ്മീർ ബിജെപി നേതാവ് റഫീഖ് വാനിയും പറഞ്ഞു.