സൂറത്ത്: 50,000 ജീവനക്കാർക്ക് 10 ദിവസത്തെ അവധി നൽകി രാജ്യത്തെ പ്രമുഖ വജ്ര നിർമ്മാണ സ്ഥാപനം. സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിരൺ ജെംസ് കമ്പനിയാണ് ഓഗസ്റ്റ് 17 മുതൽ 27 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സ്വപ്നതുല്യമായ ഈ അവധി പ്രഖ്യാപനത്തിന് പിന്നിലെ കാരണം മറ്റൊന്നാണ്.
ജീവക്കാർക്കെല്ലാം ശമ്പളം നല്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് കമ്പനി 50,000 ജീവനക്കാർക്ക് പത്ത് ദിവസത്തെ അവധി നൽകാൻ നിർബന്ധിതമായത്. മാന്ദ്യം കാരണം അന്താരാഷ്‌ട്ര വിപണിയിൽ പോളിഷ് ചെയ്ത വജ്രങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. എന്നാൽ തുക കുറയുമെങ്കിലും എല്ലവർക്കും ഈ കാലയളവിലെ ശമ്പളം നൽകുമെന്നും കിരൺ ജെംസ് ചെയർമാൻ വല്ലഭായ് ലഖാനി പറഞ്ഞു. പരുക്കൻ വജ്രങ്ങളുടെ കുറവും കമ്പനി കയറ്റുമതി ചെയ്യുന്ന മിനുക്കിയ വജ്രങ്ങൾക്ക് മതിയായ ആവശ്യക്കാരില്ലാത്തതും വരുമാനത്തിൽ കാര്യമായ കുറവുണ്ടാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കിരൺ ജെംസ് കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങളനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത വജ്ര നിർമ്മാതാക്കളാണിത്. ഇതാദ്യമായാണ് കിരൺ ജെംസ് ജീവനക്കാർക്കായി ഇത്തരമൊരു അവധി പ്രഖ്യാപിക്കുന്നത്. പോളിഷ് ചെയ്ത വജ്രങ്ങളിൽ 95 ശതമാനവും കയറ്റുമതി ചെയ്യുന്നതിനാൽ, ആഗോള ഘടകങ്ങൾ വജ്ര വിൽപ്പനയെ എല്ലായ്‌പ്പോഴും ബാധിക്കുന്നു. റഷ്യ- യുക്രെയ്ൻ യുദ്ധവും ഇസ്രായേൽ-ഹമാസ് സംഘർഷവും നിലവിലെ പ്രതിസന്ധിക്ക് കരണമായിട്ടുണ്ടെന്ന് കമ്പനികൾ പറയുന്നു.