ആലപ്പുഴ: സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണ് ആലപ്പുഴയിലെ തകഴിയിലെ ഈ മൂന്നു വയസ്സുകാരി.
ജനനി കൃഷ്ണൻ എന്ന മൂന്നു വയസ്സുകാരിയും ‘അമ്മ സുലു അനീഷുമാണ് പ്രാരാബ്ധങ്ങൾക്കിടയിലും വയനാടിന്റെ കണ്ണീരൊപ്പാൻ കൈവശമുള്ളതെല്ലാം നൽകിയത്.
തകഴിയിൽ സുലു ഭവൻ എന്ന വീട്ടിൽ നിന്ന് കഴിഞ്ഞ നാല് ദിവസത്തിന് മുൻപ് ദേശീയ സേവാഭാരതി ആലപ്പുഴ ജില്ലാ സെക്രട്ടറി മധു ചേട്ടന് ഒരു ഫോൺ വിളി വന്നു. ഞങ്ങൾക്ക് കുറച്ച് പുതിയ വസ്ത്രങ്ങൾ വയനാട്ടിലെ ദുരന്തമുഖത്തെ കുട്ടികൾക്ക് നൽകണമെന്നുണ്ട്, അത് സേവാഭാരതി വഴി തന്നെ കൊടുക്കണം എന്നാണ് ആഗ്രഹം എന്നും സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം വീണ്ടും വിളിച്ചതനുസരിച്ച് ഇന്ന് മധു ചേട്ടൻ, തലവടി സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ഗോകുൽ, സെക്രട്ടറി വിനീഷ്, സംഘത്തിന്റെ ജില്ലാ കാര്യകാരി സദസ്യൻ ബിജു ചേട്ടൻ എന്നിവർ തകഴിയിൽ ഈ വീട് തിരക്കി ചെന്നു.
അപ്പോൾ ചെളിയും, വെള്ളവും നിറഞ്ഞ ഒരു സ്ഥലത്ത് ചെറിയ വീടിനുള്ളിൽ നിന്ന് ഒരമ്മൂമ്മ ഇറങ്ങി വന്നു സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് കയറിയപ്പോൾ ശാരീരിക വെല്ലുവിളികൾ നേരിടുന്ന സുലു അനീഷ് എന്ന അമ്മയും ഏതാണ്ട് മൂന്ന് വയസ്സ് പ്രായമായ അരുമ മകൾ ജനനിയും അവരെ സ്വീകരിച്ചു, വളരെ സന്തോഷത്തോടെ ആ കുഞ്ഞിന് ജന്മദിനത്തിന് സമ്മാനം കിട്ടിയ കുഞ്ഞുടുപ്പുകൾ ഉൾപ്പെടെ കുറെ തുണികൾ സേവാഭാരതി വഴി വയനാട്ടിൽ ദുരന്തമുഖത്ത് ഒറ്റപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക് നൽകുവാൻ തയ്യാറാണെന്നും സന്തോഷത്തോടെ അത് സ്വീകരിക്കണമെന്നും അറിയിച്ചു.
ഉള്ളു നുറുങ്ങുന്ന വേദനയോടെ, അതിലുപരി അവർ കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയെ ബഹുമാനിച്ചു കൊണ്ട് അത് ഏറ്റുവാങ്ങി. അതോടൊപ്പം ചെറിയ പേഴ്സിൽ നിന്ന് ചുരുട്ടി മടക്കി വച്ച ഒരു ചെറിയ തുക അവിടുത്തെ കുട്ടികൾക്ക് മിട്ടായി വാങ്ങുവാനും നൽകിയെങ്കിലും മധു ചേട്ടനുൾപ്പെടെയുള്ളവർ വളരെ സന്തോഷത്തോടെ അത് മടക്കി നൽകി. തകർന്ന് വീഴാറായ ആ ഭവനത്തിൽ നിന്ന് സ്വന്തം കുഞ്ഞിന് കിട്ടിയ സമ്മാനങ്ങൾ വളരെ സന്തോഷത്തോടെ, ഹൃദയ വിശുദ്ധിയോടെ വയനാട്ടിലെ കുഞ്ഞുങ്ങൾക്ക് കൈമാറിയ അമ്മയേയും, കുഞ്ഞിനേയും എങ്ങനെ മറക്കാൻ കഴിയില്ലെന്നാണ് ആലപ്പുഴയിലെ സേവാഭാരതിയുടെ കാര്യകർത്താക്കൾ പറയുന്നത്.
” സേവാഹി പരമോ ധർമ്മ ” എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സേവാഭാരതി എന്ന ഈശ്വരിയ പ്രസ്ഥാനത്തോട് ജനങ്ങൾ കാട്ടുന്ന വിശ്വാസത്തേയും മതിപ്പിനെയും രേഖപ്പെടുത്തുന്ന ഒന്നാണ് ഈ സംഭവം.















